കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും മുസ്‌ലിം ലീഗ് നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്ന് പി.എം.എ. സലാം പ്രതികരിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള ഇടത് സര്‍ക്കാറിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയിലൂടെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലെഴുതി കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കെ.എം. ഷാജിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ വിജയമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള ഇടത് സര്‍ക്കാറിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയിലൂടെ ഉണ്ടായത്.
പ്രതിഷേധിക്കുന്നവരെ പ്രതികളാക്കുന്ന ഫാസിസ്റ്റ് നയം കേരളത്തിലും പിന്തുടരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യാതൊരു കഴമ്പുമില്ലാത്ത കേസിന്റെ പേരിലാണ് കെ.എം. ഷാജിയെ വേട്ടയാടിയത്. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും മുസ്‌ലിം ലീഗ് നേരത്തേ തന്നെ വ്യക്തമാക്കിയതാണ്,’ പി.എം.എ. സലാം പറഞ്ഞു.
വ്യാഴാഴ്ചയാണ് പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്ലസ് ടു കോഴ്‌സ് അനുവദിക്കാമെന്ന് പറഞ്ഞ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങി എന്നതായിരുന്നു ഷാജിക്കെതിരായ കേസ്.