കോഴിക്കോട്: സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നതില്‍ നിന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തെ തടഞ്ഞ് കോടതി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച കോഴിക്കോട് നടക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെ ഹരജിയിന്മേലാണ് കോടതിയുടെ നടപടി.
തന്നെ പങ്കെടുപ്പിക്കാതെ ലീഗ് നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തരുത് എന്നാവശ്യപ്പെട്ടാണ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.എസ് ഹംസ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോഴിക്കോട് രണ്ടാം അഡീഷണല്‍ മുന്‍സിഫ് കോടതി ഹംസയെ പങ്കെടുപ്പിക്കാതെ സംസ്ഥാന കൗണ്‍സില്‍ നടത്തുന്നത് താത്കാലികമായി തടഞ്ഞ് കൊണ്ട് ഉത്തരവിട്ടു.
ജില്ലാ കൗണ്‍സിലുകള്‍ നടത്താതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനും തെരഞ്ഞെടുപ്പ് യഥാക്രമം നടത്താത്തതിനുമെതിരെയാണ് എറണാകുളത്ത് നിന്നുള്ള ജില്ലാ കൗണ്‍സില്‍ അംഗം അബ്ദുള്‍ ഖാദറും തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം റസാഖും കോടതിയെ സമീപിച്ചത്. കോഴിക്കോട് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണ് ഈ ഹരജികളുള്ളത്.
ജില്ലാ കൗണ്‍സിലുകള്‍ ശരിയായ വിധത്തില്‍ നടന്നിട്ടുണ്ടെന്നും ആയതിനാല്‍ സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെ കോടതി ഉത്തരവ് ബാധിക്കില്ലെന്നുമാണ് ലീഗ് നേതാക്കള്‍ പറയുന്നത്.
അതിനിടെ പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ നിലവിലെ ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെയാണ് പിന്തുണക്കുന്നത്. എം.കെ. മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആവശ്യം. കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.എം. ഷാജി എന്നീ നേതാക്കള്‍ മുനീറിനൊപ്പമാണ്.
തര്‍ക്കം രൂക്ഷമാകുന്നതിനിടെ ലീഗിന്റെ പതിനാല് ജില്ലാ അധ്യക്ഷന്മാരും ജനറല്‍ സെക്രട്ടറിമാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച.
Conent Highlights: Muslim league state council meeting stopped by court