| Thursday, 27th October 2022, 7:30 pm

ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം നടത്തണം, സര്‍ക്കാര്‍ ജയിക്കണം: ഫാത്തിമ തെഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗവര്‍ണര്‍-ഗവണ്മെന്റ് തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജയിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ആ തര്‍ക്കം ഒത്തുതീര്‍ന്നാല്‍ പോലും അത് കേരളത്തിന്റെ മതേതര താല്‍പര്യങ്ങള്‍ക്ക് അപകടമാണെന്നും ഫാത്തിമ തെഹ്‌ലിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഒഴിഞ്ഞു കിടക്കുന്ന കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് സംഘ് അജണ്ടയുള്ളയാളെ തിരുകി കയറ്റാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഈ വിലപേശല്‍ നാടകം നടത്തുന്നത് എന്ന് സംശയിക്കണമെന്നും തെഹ്‌ലിയ പറഞ്ഞു.

സര്‍ക്കാറുമായി ഗവര്‍ണര്‍ ഒത്ത് തീര്‍പ്പിലെത്തിയാല്‍ നമ്മുടെ സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ നോമിനികള്‍ വി.സിമാരായി വരും. സര്‍വകലാശാലകളില്‍ കാവിവല്‍ക്കരണം തുടങ്ങും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുള്ള ഗവര്‍ണര്‍ക്ക് എതിരെയുള്ള തുറന്ന നിയമയുദ്ധത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഫാത്തിമ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍- സംസ്ഥാന സര്‍ക്കാര്‍ പോര് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് പ്രതിനിധിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. മുസ്‌ലിം ലീഗ് നേതൃത്വവും ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഗവര്‍ണറും സര്‍ക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ഒമ്പത് സര്‍വകലാശാലകള്‍ ഭരണ പ്രതിസന്ധിയിലാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഫാത്തിമ തെഹ്‌ലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഗവര്‍ണര്‍ – ഗവണ്‍മെന്റ് തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജയിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ തര്‍ക്കം ഒത്ത് തീര്‍ന്നാല്‍ പോലും അത് കേരളത്തിന്റെ മതേതര താല്പര്യങ്ങള്‍ക്ക് അപകടമാണ്. ഒഴിഞ്ഞു കിടക്കുന്ന കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് സംഘ് അജണ്ടയുള്ളയാളെ തിരുകി കയറ്റാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഈ വിലപേശല്‍ നാടകം നടത്തുന്നത് എന്ന് സംശയിക്കണം.

സര്‍ക്കാറുമായി ഗവര്‍ണര്‍ ഒത്ത് തീര്‍പ്പിലെത്തിയാല്‍ നമ്മുടെ സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ നോമിനികള്‍ വി.സിമാരായി വരും. സര്‍വകലാശാലകളില്‍ കാവിവല്‍ക്കരണം തുടങ്ങും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുള്ള ഗവര്‍ണര്‍ക്ക് എതിരെയുള്ള തുറന്ന നിയമ യുദ്ധത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

Content Highlight: Muslim League Spokesperson Fathima Thahiliya on Governor- State Government fight

We use cookies to give you the best possible experience. Learn more