കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്‌ലിം ലീഗിലെത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. പി.എഫ്.ഐയിലുള്ളവര്‍ ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാമെങ്കിലും ഇപ്പോള്‍ അവരില്‍ നിന്നും മുഖം തിരിക്കരുതെന്നും ഷാജി പറഞ്ഞു. കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാജി.
‘പോപ്പുലര്‍ ഫ്രണ്ടില്‍ പെട്ടുപോയവരെ ലീഗിലെത്തിക്കാന്‍ ശ്രമിക്കണം. ആശയവിനിമയത്തിനുള്ള സാധ്യതകള്‍ തുറക്കപ്പെടണം.
ലീഗല്ലാതെ മറ്റ് വഴിയില്ലെന്ന് പ്രവര്‍ത്തകരെ പറഞ്ഞുമനസിലാക്കണം. പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകള്‍ മാറ്റി തിരികെ കൊണ്ടുവരണം,’ ഷാജി പറഞ്ഞു.
അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ലീഗില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് സംശയാസ്പദമെന്നാണ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ. സലാം പറഞ്ഞത്.
ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ഇവരെയൊന്നും തൊടാതെ പിഎഫ്‌ഐയെ മാത്രം ഏകപക്ഷീയമായി നിരോധിച്ചതില്‍ സംശയകരമായി പലതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.