| Saturday, 7th January 2023, 5:55 pm

ഷാരൂഖ് ഖാനും മമ്മൂട്ടിയും അംഗത്വമെടുത്തെന്നത് വ്യാജ വാര്‍ത്ത; നിയമനടപടി സ്വീകരിക്കും: മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ പാര്‍ട്ടി അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നതായ വാര്‍ത്ത വ്യാജമെന്ന് മുസ്‌ലിം ലീഗ്.

ഈ വാര്‍ഡില്‍ അംഗത്വമെടുത്തവരില്‍ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും ഉണ്ടെന്ന വാര്‍ത്തയാണ് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ ഷോട്ട് സഹിതം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മുസ്‌ലിം ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. സത്യവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം അറിയിച്ചു.

പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുന്നത്. ഓരോ വാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ക്കും പ്രത്യേക പാസ് വേര്‍ഡ് നല്‍കിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. അംഗങ്ങളുടെ ഫോണ്‍ നമ്പറും ആധാര്‍ നമ്പറുമെല്ലാം അപ്‌ലോഡ് ചെയ്താല്‍ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തില്‍ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുമായാണ് വ്യാജ വാര്‍ത്തയെന്നും ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പ്രത്യേകം സജ്ജമാക്കിയ വാര്‍ റൂം വഴി തികച്ചും ശാസ്ത്രീയമായിട്ടാണ് ഇത്തവണ മുസ്‌ലിം ലീഗ് അംഗത്വ ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ചത്. മെമ്പര്‍ഷിപ്പ് സ്വീകരിച്ച വ്യക്തിയുടെ പേര്, ശാഖ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍, മണ്ഡലം, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ കോര്‍പ്പറേഷന്റെ പേരില്ല. കോര്‍പറേഷന്‍ എന്ന സ്പെല്ലിങും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ നമ്പറും ഇല്ല. ഒരേ ശാഖയില്‍ ക്രമനമ്പര്‍ ഉള്ള ബുക്കില്‍ നിന്ന് മുറിച്ചു കൊടുക്കുന്ന നമ്പര്‍ ഒരേ ശ്രേണിയില്‍ ഉള്ളതായിരിക്കും. എന്നാല്‍ ഈ സ്‌ക്രീന്‍ ഷോട്ടില്‍ വ്യത്യസ്ത ശ്രേണിയിലുള്ള നമ്പറുകളാണെന്നും ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തത് പ്രചരിക്കുന്ന ക്രമനമ്പറിലുള്ള വ്യക്തികളുടെ പേരല്ല. ഒറ്റ നോട്ടത്തില്‍തന്നെ വ്യാജമെന്ന് വ്യക്തമാകുന്ന സ്‌ക്രീന്‍ഷോട്ടുമായാണ് മുസ്‌ലിം ലീഗ് അഭിമാനകരമായി പൂര്‍ത്തിയാക്കിയ അംഗത്വ ക്യാമ്പയിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്.

24,33,295 പേരാണ് ഇത്തവണ മുസ്‌ലിം ലീഗില്‍ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തത്. 2,33,295 അംഗങ്ങളുടെ വര്‍ധനവ് ഉണ്ടായി. അംഗത്വമെടുത്ത 61 ശതമാനം അംഗങ്ങളും 35 വയസില്‍ താഴെയുള്ളവരാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രീയമായും സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയും അംഗത്വ കാമ്പയിന്‍ നടന്നത്. മുസ്‌ലിം
ലീഗിന്റെ രാഷ്ട്രീയത്തെ നെഞ്ചോടു ചേര്‍ക്കാന്‍ ലക്ഷങ്ങള്‍ അണിനിരന്നതില്‍ വിറളിപൂണ്ടവരാണ് വ്യാജ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും ലീഗ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ഓണ്‍ലൈന്‍ വഴി അംഗത്വമെടുത്തവരുടെ ലിസ്റ്റിലാണ് ഷാരൂഖ് ഖാന്‍, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ തുടങ്ങിയവര്‍ ഉള്‍പ്പെടുത്തിയാതായി വാര്‍ത്തയുണ്ടായിരുന്നത്. നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡിലാണ് ഇവര്‍ക്ക് അംഗത്വള്ളതായി വര്‍ത്തകളുണ്ടായിരുന്നത്.

ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പല പ്രമുഖരുടെ പേരുകളുമുള്‍പ്പെടെയുള്ള പട്ടിക നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇത് വാര്‍ത്തയാകുകയും ചെയ്തു.

കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം ഡിസംബര്‍ 31നാണ് അവസാനിച്ചത്. വീടുകള്‍ കയറിയിറങ്ങി അംഗത്വ വിതരണം നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.

Content Highlight:  Muslim League says Shahrukh Khan and Mammootty That he has become a member of the party

We use cookies to give you the best possible experience. Learn more