തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതൃത്വത്തെ പിന്തുണച്ചും ഹരിത സംഘടന മുന്‍ നേതാക്കളെ തള്ളിപ്പറഞ്ഞും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദിന്റെ പ്രസംഗം. മുന്‍ ഹരിത നേതാക്കള്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുന്നതിനെ വിമര്‍ശിച്ചായിരുന്നു അവരുടെ പ്രസംഗം.
ഹരിതയുടെ സി.എച്ച്. അനുസ്മരണ ഏകദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വനിതാ ലീഗ് നേതാവ്.
മുസ്‌ലിം ലീഗ് നിലകൊള്ളുന്നത് ലിംഗരാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും ലിംഗന്യൂനപക്ഷമല്ല മതന്യൂനപക്ഷമാണ് ലീഗിന്റെ ന്യൂനപക്ഷമെന്നുമാണ് നൂര്‍ബിന റഷീദ് പ്രസംഗത്തില്‍ പറഞ്ഞത്. ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്നത് മറക്കരുതെന്നും സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നുമുള്ള ‘ഉപദേശ’വും നൂര്‍ബിന റഷീദ് ഹരിതയ്ക്ക് നല്‍കുന്നുണ്ട്.
ലിംഗന്യൂനപക്ഷത്തിനായി നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. ”മുസ്‌ലിം ലീഗ് ലിംഗരാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. ലിംഗന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനമെന്ന് മറക്കരുത്. ലീഗിന്റെ ന്യൂനപക്ഷം എന്നാല്‍ മതന്യൂനപക്ഷമാണ്. ലിംഗന്യൂനപക്ഷത്തിനായി നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ല,” നൂര്‍ബിന റഷീദ് പറഞ്ഞു.
കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ മുസ്‌ലിം ആണെന്ന കാര്യം മറക്കരുതെന്നും ഹരിതയോടുള്ള ഉപദേശമെന്ന തരത്തില്‍ അവര്‍ പ്രസംഗത്തില്‍ പറയുന്നു. ”മുസ്‌ലിം സമുദായത്തില്‍ ജനിച്ചവര്‍ക്ക് ഒരു സംസ്‌കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് എന്റെ മാതൃക,” നൂര്‍ബിന റഷീദ് പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നൂര്‍ബിന റഷീദ് മത്സരിച്ചിരുന്നു. എല്‍.ഡി.എഫിന്റെ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിനോട് പരാജയപ്പെടുകയായിരുന്നു.
25 വര്‍ഷത്തിന് ശേഷമായിരുന്നു മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.
ഇതിനിടെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഇനി ഹരിതയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നായിരുന്നു അവരെ സ്ഥാനത്ത് നിന്ന് നീക്കിയത്.
ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനാല്‍ ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയായിരുന്നു വിഷയം മാധ്യമശ്രദ്ധ നേടിയത്.