മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ലീഗ് പറയുന്നില്ല; ഇനിയെങ്കിലും ഒരു പാലം പൊളിയാതെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മതി: പി.എം.എ. സലാം
കോഴിക്കോട്: മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
മന്ത്രിക്കെതിരെ കേസെടുക്കണമെന്നൊന്നും ലീഗ് പറയുന്നില്ലെന്നും ഇനിയെങ്കിലും ഒരു പാലം പൊളിയാതെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മതിയെന്നും പി.എം.എ. സലാം പറഞ്ഞു.
‘പലം തകരുമ്പോള്‍ മന്ത്രിയെ അറസ്റ്റ് ചെയ്യുക എന്ന കീഴ്‌വഴക്കം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു കെട്ടിടം തകര്‍ന്നു. മെഡിക്കല്‍ കോളേജില്‍ മേല്‍പ്പാലം തകര്‍ന്നു. തകര്‍ച്ച സ്ഥിരമായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ, എത്ര ആളുകളെ അറസ്റ്റ് ചെയ്യണം, എത്ര മന്ത്രിമര്‍ക്കെതിരെ കേസെടുക്കണം,’ പി.എം.എ. സലാം പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണെണെന ഹരിത- എം.എസ്.എഫ് വിവാദം നേരത്തെ അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുണ്ടായ സ്വകാര്യ സംഭാഷണം പുറത്ത് വിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.
ഹരിത വിഷയത്തില്‍ ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ഇ. ടിയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു എന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ.ടി. ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഇ.ടി. തയ്യാറായിട്ടില്ല. ശബ്ദ സന്ദേശം എപ്പോള്‍, ആരോടാണ് സംസാരിച്ചെതെന്ന കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.