തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഇടതുപക്ഷവുമായി യോജിച്ച പ്രക്ഷോഭം ആണ് വേണ്ടതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തത് ശരിയായ നിലപാടാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
തങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഭരണ, പ്രതിപക്ഷ സംയുക്ത സമരത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.
സി.പി.ഐ.എമ്മിന്റേത് കപട ന്യൂനപക്ഷ പ്രേമമാണെന്നും എല്‍.ഡി.എഫുമായി ചേര്‍ന്ന് സംയുക്ത സമരം നടത്തുന്നത് അടഞ്ഞ അധ്യായമാണെന്നുമായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. മുല്ലപ്പള്ളിയെ തള്ളി വി.ഡി സതീശനും രംഗത്ത് എത്തിയിരുന്നു.
മുല്ലപ്പള്ളിയുടെ നിലപാട് തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തില്‍ കോണ്‍ഗ്രസ്- സി.പി.ഐ.എം സഹകരണത്തെ വിമര്‍ശിച്ച മുല്ലപ്പള്ളിയുടെ നടപടി അങ്ങേയറ്റം സങ്കുചിതമാണെന്നായിരുന്നു സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.