മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെതിരെ മത്സരിക്കാന്‍ മുസ്‌ലിം ലീഗ് തൊഴിലാളി യൂണിയന്‍ നേതാവ് രംഗത്ത്. ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യുവിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ഹംസയാണ് മത്സരിക്കാനൊരുങ്ങുന്നത്.
കെ.എന്‍.എ ഖാദര്‍ സമ്മര്‍ദ്ദ തന്ത്രമുപയോഗിച്ച് സീറ്റ് നേടിയെടുത്ത നടപടിയോട് യോജിക്കാനാവില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഹംസ വ്യക്തമാക്കി. കെ.എന്‍.എ ഖാദര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങവേയാണ് വിമത ശബ്ദവുമായി തൊഴിലാളി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
“ജനാധിപത്യ രീതിയിലല്ല സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടുള്ളത്. യു.എ ലത്തീഫിനെയാണ് പാര്‍ട്ടി പരിഗണിച്ചിരുന്നത്. എന്നാല്‍ ഖാദര്‍ സമ്മര്‍ദ തന്ത്രം പ്രയോഗിച്ച് സ്ഥാനാര്‍ത്ഥിയാവുകയാണു ചെയ്തത്. ഇത് അംഗീകരിക്കാനാവില്ല. കെ.പി.എ മജീദ് പിന്മാറിയത് പോലെ ഖാദര്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണെങ്കില്‍ മത്സരരംഗത്ത് നിന്നു മാറി നില്‍ക്കും. ഖാദറല്ലാത്ത ആരു സ്ഥാനാര്‍ത്ഥി ആയാലും അവരെ അംഗീകരിക്കാന്‍ തയ്യാറാണ്. വേങ്ങരയില്‍ മത്സരിക്കാന്‍ ഖാദര്‍ ഒരിക്കലും യോഗ്യനല്ല” ഹംസ പറഞ്ഞു.
1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് എല്‍.ഡി.എഫിനു പിന്നില്‍ രണ്ടാമതെത്തിയ വ്യക്തിയാണ് ഹംസ. നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ തയ്യാറെടുക്കുന്ന കെ.എന്‍.എ ഖാദറിനും ലീഗിനും തലവേദനയായി മാറിയിരിക്കുകയാണ് ഹംസയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.