| Tuesday, 12th March 2019, 5:58 pm

പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപണം; കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍ - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: പൊന്നാനി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞു. കെ.പി.സി.സി അംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ എം.എന്‍ കുഞ്ഞഹമ്മദ് ഹാജിയായാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വഴി തടഞ്ഞത്.

എന്നാല്‍ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ പി.വി അന്‍വര്‍ അവിചാരിതമായി എത്തുകയായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് എം.എന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. ഒരു പഴയ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മാത്രമാണ് അന്‍വറുമായി സംസാരിച്ചതെന്നും കുഞ്ഞഹമ്മദ് പറഞ്ഞു.

പൊന്നാനിയില്‍ വെന്നിയരില്‍ വച്ചാണ് ലീഗ് അണികള്‍ കുഞ്ഞഹമ്മദിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചത്.

Read Also : കോട്ടയത്ത് ചാഴികാടന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ല; ബഹളത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ യോഗം പിരിച്ചു വിട്ടു

കോണ്‍ഗ്രസ് വോട്ട് കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതീക്ഷിച്ച പലരേയും ഒഴിവാക്കി പഴയ കോണ്‍ഗ്രസുകാരനായ അന്‍വറിനെ മത്സരരംഗത്തേക്ക് ഇറക്കിത്. അന്‍വറിന് പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് സി.പി.ഐ.എം നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും ആവശ്യപ്പെട്ടതോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയായത്.

മന്ത്രി കെ ടി ജലീല്‍, വി.അബ്ദുറഹിമാന്‍ എം.എല്‍.എ, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് തുടങ്ങിയ പേരുകളെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണ് പി.വി. അന്‍വറിന്റെ പേരിലേക്ക് സി.പി.ഐ.എം എത്തിയത്. ആദ്യവട്ടം പി.വി.അന്‍വറിന്റെ പേര് ജില്ല നേതൃത്വം നിര്‍ദേശിച്ചെങ്കിലും മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. പി.വി. അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും നിലമ്പൂരില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ ഉയര്‍ന്നേക്കാവുന്ന വെല്ലുവിളിയും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിര്‍ദ്ദേശം. എന്നാല്‍ പി.വി. അന്‍വറിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് സി.പി.ഐ.എം പാര്‍ലമെന്റ് മണ്ഡലം നേതാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

സ്ഥാനാര്‍ഥിയാവാനില്ലെന്ന് അറിയിച്ച് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പിന്‍മാറിയതും അന്‍വറിനെ തന്നെ ഉറപ്പിക്കാന്‍ കാരണമായി. ജില്ലയിലെ പഴയ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ഒരു ഭാഗം കോണ്‍ഗ്രസ് വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പി.വി.അന്‍വറിന്റേയും ഇടതുപക്ഷത്തിന്റേയും പ്രതീക്ഷ.

We use cookies to give you the best possible experience. Learn more