പുതുപ്പാടി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍ സന്നദ്ധനാണെന്നു മുസ്‌ലിം ലീഗ് നേതാവ്. ലീഗ് നേതാവും പുതുപ്പാടി പഞ്ചായത്ത് അംഗവുമായ അബ്ദുള്‍സലാം (മുത്തു) ആണ് ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നു പറഞ്ഞത്.
“ഒരു കോടിയൊക്കെ കിട്ടുമെങ്കില്‍…” എന്നായിരുന്നു കുന്ദന്‍ ചന്ദ്രാവതിന്റെ പ്രസ്താവനയോടു പ്രതികരിച്ചുകൊണ്ട് അബ്ദുല്‍സലാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി.
“വെല്ലുവിളിയൊന്നുമല്ല സഖാക്കളേ, ഒരാഗ്രഹമാണ്. ഒരു കോടി കിട്ടുകയാണെങ്കില്‍ നിങ്ങളൊക്കെ വേണ്ടെന്ന് വെക്കുമോ?” എന്നായിരുന്നു അദ്ദേഹം പിന്നീട് കുറിച്ചത്. ഇതിനെതിരെ പ്രദേശത്തെ സി.പി.ഐ.എം രംഗത്തുവരികയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് അബ്ദുള്‍സലാം പിന്നീട് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ അബ്ദുള്‍ സലാമിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സി.പി.ഐ.എം രംഗത്തെത്തിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ കൊലവിളിക്ക് അനുകൂലമായി പ്രതികരണം നടത്തിയ അബ്ദുള്‍സലാമിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പുതുപ്പാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിവാരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
അബ്ദുല്‍സലാമിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അതിനുള്ള നീക്കത്തിലാണെന്നും പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഉജ്ജൈനിലെ ആര്‍.എസ്.എസ് പ്രചാരക് പ്രമുഖായിരുന്ന കുന്ദന്‍ ചന്ദ്രാവതാണ് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരുകോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
“കൊലയാളിയായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല അറുക്കുന്ന സ്വയം സേവകരുടെ പേരില്‍ എന്റെ ഒരുകോടിരൂപയുടെ സമ്പാദ്യം ഞാന്‍ എഴുതിവെയ്ക്കും.” എന്നായിരുന്നു കുന്ദന്‍ ചന്ദ്രാവത് പറഞ്ഞത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ പരസ്യമായി കൊലവിളി നടത്തിയ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ ആര്‍.എസ്.എസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.