കോഴിക്കോട്: വാര്‍ത്താസമ്മേളനത്തിനിടെ മുഈനലി തങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ റാഫി പുതിയ കടവിനെ തളളിപ്പറഞ്ഞ് പ്രാദേശിക ലീഗ് നേതൃത്വം.
റാഫി പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്ന ആളല്ലെന്ന് മുസ്‌ലിം ലീഗ് പ്രാദേശികനേതൃത്വം വ്യക്തമാക്കി. മുസ്‌ലിം ലീഗ് പ്രാദേശിക ഭാരവാഹി മുജീബ് പുതിയകടവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റാഫിയ്ക്ക് നിലവില്‍ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വം പോലുമില്ലെന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 12 വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും പ്രാദേശിക ലീഗ് നേതൃത്വം അറിയിച്ചു.
റാഫി കുഞ്ഞാലിക്കുട്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ലീഗ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പി.എം.എ. സലാമിനെ കബളിപ്പിച്ചുവെന്നും ലീഗ് നേതൃത്വം പറയുന്നു.
മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരസ്യവിമര്‍ശനവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പ്രതികരിച്ചു. ഇനി അതു തുറക്കാന്‍ മുസ്‌ലിം ലീഗിന് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിനുള്ളിലെ വിഷയങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും. നിലവില്‍ ഒരു ആഭ്യന്തര പ്രശ്നങ്ങളും ലീഗിനുള്ളില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ മകന്‍ കൂടിയായ മുഈന്‍ അലി ശിഹാബ് തങ്ങള്‍ നടത്തിയ വെളിപ്പെടുത്തല്‍ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായിരുന്നു. മുഈനലിയ്ക്കെതിരെ യൂത്ത് ലീഗ് ദേശീയ നേതൃത്വം നടപടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും അതുമുണ്ടായില്ല.
മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റാഫി പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങളുടെ വിഷമങ്ങള്‍ക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞിരുന്നു.