ദോഹ: സി.പി.ഐ.എമ്മുകാര്‍ക്കിടയില്‍ മുസ്‌ലിം സമുഹം അരക്ഷിതരാണെന്നുള്ള കെ.എം ഷാജിയുടെ വാദം ശരിയല്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്‍. ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല.” എന്നായിരുന്നു കെ.എം ഷാജിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. “ആക്രമിക്കുന്നത് ആരായാലും കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണ്. ക്രിമിനല്‍ ശിക്ഷിക്കപ്പെടണം” എന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ സി.പി.ഐ.എം പരാജയം സി.പി.ഐ.എമ്മിനെ തകര്‍ത്തു എന്നു പറയാനാവില്ല. അത് ഭരണത്തിനെതിരായ വിധിയെഴുത്താണ്. ത്രിപുരയില്‍ തിരിച്ചുവരാന്‍ സി.പി.ഐ.എമ്മിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രം വിജയിച്ചുവെങ്കിലും അതൊരു ആശയപരമായ വിജയമല്ലെന്നും ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ ബി.ജെ.പിക്ക് ഒരിക്കലും ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുസാന്നിധ്യം ഇന്ത്യയിലെ മതേതര കൂട്ടായ്മകള്‍ക്ക് കരുത്തുപകരം. ഇടതുപക്ഷം യു.പി.എ വിട്ടപ്പോള്‍ ഇത്തരത്തിലുള്ള തീരുമാനം ബി.ജെ.പിയെ സഹായിക്കുകയേ ഉള്ളൂവെന്ന് താനടക്കമുള്ള നേതാക്കള്‍ ഇടതുപക്ഷത്തോട് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമായും വൈദേശികമായും ഇന്ത്യ ഒറ്റപ്പെടുകയാണെന്നും ഇത് ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
“സി.പി.ഐ.എം തോല്‍ക്കുമ്പോള്‍ ന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് മുസ്‌ലീകള്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല. മുസ്‌ലീം, ദലിത്, ആദിവാസി വിഭാഗങ്ങളെ അധികാരത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയാനും, അവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുവാനും മാത്രമാണ് നിലവിലെ സി.പി.ഐ.എം സഹായകരമാകുന്നത്. കൊന്ന് തള്ളിയവരുടെയും, വെട്ടിനുറുക്കിയവരുടെയും കണക്ക് അത്ര മേല്‍ വലുതാണ്. ശുക്കൂറും, ശുഐബും അവരില്‍ ചിലര്‍ മാത്രമാണ്. നാദാപുരത്തും, കണ്ണൂരിലും മുസ്ലിംകളുടെ മുഖ്യശത്രു എല്ലാക്കാലത്തും സി.പി.ഐ.എമ്മണെന്നത് സത്യം മാത്രമാണ്. വീട് കൊള്ളയടിക്കുന്നതും, കൊള്ളിവെപ്പ് നടത്തുന്നതും സി.പി.ഐ.എമ്മല്ലാതെ മറ്റാരുമല്ല.” എന്നായിരുന്നു കെ.എം ഷാജിയുടെ പരാമര്‍ശം.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം