| Friday, 9th December 2022, 3:59 pm

രാജ്യസഭയില്‍ കോണ്‍ഗ്രസിനോട് എതിര്‍പ്പ് വ്യക്തമാക്കി ലീഗ് എം.പി; യൂണിഫോം സിവില്‍ കോഡ് ബില്ല് ചര്‍ച്ചക്കിടെ പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ്. ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചക്ക് വന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് എം.പി പോലും പാര്‍ലമെന്റില്‍ ഇല്ലാതിരുന്നതിനെയാണ് മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബ് പ്രസംഗത്തിനിടെ വിമര്‍ശിച്ചത്.

ബി.ജെ.പി എം.പി കിരോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്ലായി ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായി അനുമതി തേടിയത്. ഇതിന് പിന്നാലെ ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുന്നയിക്കുകയായിരുന്നു.
കേരളത്തില്‍ നിന്ന് സി.പി.ഐ.എം, ലീഗ് എം.പിമാരായിരുന്നു ആദ്യ ഘട്ടത്തില്‍ തന്നെ പ്രതിഷേധമറിയിച്ചത്.

ലീഗില്‍ നിന്നും പി.വി. അബ്ദുള്‍ വഹാബായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ച് സംസാരിച്ചത്. ഇതിനിടയിലാണ് കോണ്‍ഗ്രസിനെതിരെ അദ്ദേഹം എതിര്‍പ്പുന്നയിച്ചത്.

‘ഏകീകൃത സിവില്‍ കോഡ് ബില്ല് പല തവണയായി ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ബി.ജെ.പി ചങ്ങാതിമാര്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാനാകില്ല.

എത്ര ഭൂരിപക്ഷമുണ്ടായാലും എത്ര തന്നെ അടിച്ചമര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചാലും യൂണിഫോം സിവില്‍ കോഡ് ഇവിടെ നടപ്പിലാക്കാനാകില്ല. ക്രിമിനല്‍ കോഡല്ല, സിവില്‍ കോഡിനെ കുറിച്ചാണ് പറയുന്നത്. അതില്‍പോലും ഇവര്‍ക്ക് സഹിഷ്ണുതപരമായി ഇടപെടാനാകുന്നില്ലെങ്കില്‍ പിന്നെ എന്ത് പറയാനാണ്. എല്ലായിടത്തും അസഹിഷ്ണുതയാണ്.

എനിക്ക് ബി.ജെ.പി സുഹൃത്തിനോട് ഒരു കാര്യമേ പറയാനുള്ളു. സര്‍ക്കാരിന് ഇത് അത്യാവശ്യമാണെന്ന് തോന്നുന്ന സമയത്ത് അവര്‍ ഇക്കാര്യത്തില്‍ നിയമവുമായി വരട്ടെ. അതുവരെ നിങ്ങള്‍ ഒന്ന് അടങ്ങിയിരിക്ക്. എന്തായാലും നിങ്ങള്‍ ഈ ബില്ല് പാസാക്കും. കാരണം ഞങ്ങളാകെ കുറച്ച് പേരെ ഇവിടെ എതിര്‍ക്കുന്നവരുള്ളു. എന്തായാലും ഈ ബില്ല് ഇന്ത്യയുടെയോ ഇവിടെയുള്ള ജനങ്ങളുടെയോ നന്മക്ക് ഉതകുന്നതല്ല. അതുകൊണ്ട് ദയവ് ചെയ്ത് ഈ ബില്ല് പിന്‍വലിക്കാന്‍ താങ്കള്‍ തയ്യാറാകണം.

പിന്നെ, കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇവിടെ ഇല്ലാത്തതില്‍ എനിക്ക് വിഷമമുണ്ട്. സത്യത്തില്‍ അതേ കുറിച്ചാണ് ആദ്യം എന്റെ മനസില്‍ വരുന്നത്,’ അബ്ദുള്‍ വഹാബ് പറഞ്ഞു.

ഇതിന് പിന്നാലെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും കേരളത്തില്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.ഐ.എം എം.പി. ജോണ്‍ ബ്രിട്ടാസ് പറയുകയായിരുന്നു. ഇതിന് പിന്നാലെ ‘ഞങ്ങള്‍ നിങ്ങള്‍ക്കെതിരാണ്’ എന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. ഇതുകേട്ട തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിയായ വൈകോ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ മാര്‍ക്‌സിസത്തിന് എതിരാണെന്നും അതല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അബ്ദുള്‍ വഹാബ് മറുപടി നല്‍കി.

അതേസമയം, അബ്ദുള്‍ വഹാബിന്റെ പ്രസ്താവനക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. നിലവില്‍ ഏകീകൃത സിവില്‍ കോഡില്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ ബി.ജെ.പി എം.പിക്ക് അനുവാദം നല്‍കരുതെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Content Highlight: Muslim League MP against Congress over the party’s MP is being absent during the Uniform Covil Code discussion in Parliament

Latest Stories

We use cookies to give you the best possible experience. Learn more