ധനവകുപ്പിനും ചീഫ് സെക്രട്ടറിക്കുമെതിരെ മുസ്‌ലീംലീഗ് മുഖപത്രം
Daily News
ധനവകുപ്പിനും ചീഫ് സെക്രട്ടറിക്കുമെതിരെ മുസ്‌ലീംലീഗ് മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd September 2015, 10:55 am

chandrikaകോഴിക്കോട്: ധനവകുപ്പിനും ചീഫ് സെക്രട്ടറിക്കുമെതിരെ മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് തടസം നില്‍ക്കുന്നത് ധനവകുപ്പാണെന്നും അറബിയെ ഒരു ഭാഷ എന്നതിലപ്പുറം ഒരു മതത്തിന്റെയും സമുദായത്തിന്റെയും വിനിമയോപാധി എന്ന നിലയില്‍ കണ്ടിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ചന്ദ്രിക ആരോപിക്കുന്നു.

സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഫയലില്‍, അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ അത് വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കൂ എന്ന ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എം അബ്രഹാമിന്റെയും ചീഫ് സെക്രട്ടറി ജിജി തോംസണിന്റെയും എതിര്‍പ്പുകളാണ് സര്‍വ്വകകലാശാലയെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് നിമിത്തമായത്.

ഈ ഭാഷയുടെ മതമേതെന്ന സങ്കുചിത താല്‍പര്യം തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇത് ശുദ്ധ ഭോഷത്തമാണ്.  ഇത്തരക്കാരോട് സഹതപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. സവര്‍ണ ഫാസിസ്റ്റ് ബോധമാണ് ഇക്കൂട്ടര്‍ വെച്ച് പുലര്‍ത്തുന്നത്. “സര്‍വ്വകലാശാലകളില്‍ മതം തിരയുന്നവര്‍” എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

അറബി മുസ്‌ലിംകളുടേതാണ് എന്നു പറയുന്നത് സംസ്‌കൃതം ഹിന്ദുക്കളുടേതാണ്, റബര്‍മരം ക്രിസ്ത്യാനികളുടേതാണ് എന്നെല്ലാം കള്ളിവരയ്ക്കുന്നതിന് സമാനമാണ്. ഇത്തരം സങ്കുചിതത്വങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് മുസ്‌ലിംലീഗ് പോലെ ഒരു പാര്‍ട്ടിക്ക് കേരളത്തില്‍ സംസ്‌കൃതത്തിന് വേണ്ടി ഒരു സര്‍വകലാശാല ആരംഭിക്കാനാവുന്നതും അറബിക് സര്‍വകലാശാല വേണമെന്നു പറയാന്‍ കഴിയുന്നതെന്നും ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.