Kerala News
ന്യൂനപക്ഷങ്ങളുടെ ശബ്ദമായ ചന്ദ്രികക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ലീഗ് എം.എല്‍.എ; പൊതുവായി അല്ലാതെ പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 24, 09:43 am
Wednesday, 24th August 2022, 3:13 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റഡ് പത്രസ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മഞ്ചേരി എം.എല്‍.എ യു.എ. ലത്തീഫ്. അതിനാല്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദമായ ചന്ദ്രിക ദിനപ്പത്രത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യു.എ. ലത്തീഫ്.

റഷ്യ- ഉക്രൈന്‍ യുദ്ധം ന്യൂസ് പ്രിന്റിന്റെ ലഭ്യതയില്‍ കടുത്ത ഇടിവുണ്ടാക്കി. നമുക്ക് ആവശ്യമുള്ള 40 ശതമാനം ന്യൂസ് പ്രിന്റും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതുമൂലം വലിയ വിലയാണ് പത്രക്കടലാസിനുണ്ടായിട്ടുള്ളത്. വിതരണ മേഖലയിലും പ്രതിസന്ധി നേരിടുകയാണ്.

ഇന്ധന വിലയിലുണ്ടായ വര്‍ധനവും അച്ചടി മേഖലയിലെ അടിസ്ഥാന ഉപകരണങ്ങള്‍ക്കും മഷിക്കും 40 മുതല്‍ 50 വരെ ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണായ അച്ചടി മാധ്യമങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിന് കേരളാ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും യു.എ. ലത്തീഫ് ആവശ്യപ്പെട്ടു.

പത്രവ്യവസായം പ്രതിസന്ധിയിലാണെന്ന എം.എല്‍.എയുടെ വാദം അംഗീകരിച്ച മന്ത്രി പി. രാജീവ് ഈ മേഖലയിലെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് സഭയെ അറിയിച്ചു. എന്നാല്‍ പ്രത്യേകം ഒരു പത്രത്തെ മാത്രം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പി. രാജീവ് പറഞ്ഞു.

അതേസമയം, കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 83ശതമാനം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

പദ്ധതിയുടെ ധനസമ്പാദനം, ഉപഭോക്താക്കള്‍ക്കു സേവനം ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാന്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. കെ ഫോണ്‍ കമ്പനിക്കു കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ ലൈസന്‍സും ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ ലൈസന്‍സും ലഭ്യമായി. പദ്ധതിക്കായി ഇതുവരെ 476.41 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.