Kerala News
ഞമ്മളെ സുഹൃത്ത് സ്പീക്കറായപ്പൊ ഞമ്മക്ക് സന്തോഷം, എന്നാല്‍ ഭരണപക്ഷം അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു: പി.കെ. ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 28, 01:56 pm
Tuesday, 28th February 2023, 7:26 pm

തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗത്തിനിടെ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പുകഴ്ത്തി മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍. ഷംസീര്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ സ്പീക്കര്‍ ആക്കിയതില്‍ സന്തോഷമുണ്ടെന്നും ബഷീര്‍ പറഞ്ഞു.

സ്പീക്കര്‍ക്ക് നേരെ ഭരണപക്ഷം പ്രകോപനം സൃഷ്ടിക്കുകയാണെന്നും ഇത് സഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഭംഗിയായി സഭ നിയന്ത്രിക്കുന്ന ഇങ്ങള്‍ക്കിട്ട് ഭരണപക്ഷം തന്നെ പണി തരുകയാണോ എന്ന് എ.എന്‍. ഷംസീറിനോട് പി.കെ ബഷീര്‍ ചോദിച്ചു.

‘ഞമ്മളെ ഒരു സുഹൃത്ത് സ്പീക്കറായപ്പോ ഞമ്മക്ക്(എനിക്ക്) സന്തോഷം ഉണ്ടാകില്ലേ. നിങ്ങള്‍(ഭരണപക്ഷം) അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ചരിത്രത്തില്‍ നിയമസഭയില്‍ സ്പീക്കറെ പ്രശ്‌നത്തിലാക്കും വിധം ഭരണപക്ഷം ഇടപെട്ടിട്ടുണ്ടോ,’ പി.കെ. ബഷീര്‍ പറഞ്ഞു.

കണ്ണൂരിലെ എ.കെ.ജി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന വാളാണോയെന്നും പി.കെ. ബഷീര്‍ പ്രസംഗത്തിനിടെ പരിഹസിച്ചു. ‘മമ്മദ് ഉമ്മാക്ക്’ ചിലവിന് കൊടുക്കുന്നത് പോലെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നതെന്നും ബഷീര്‍ പറഞ്ഞു.

‘കണ്ണൂരില്‍ എ.കെ.ജി മ്യൂസിയത്തിന് ആറ് കോടി അനുവദിച്ചു. ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന വാളാണോ അവിടെ കൊണ്ടുവെക്കാന്‍ പോകുന്നത്. അതോ ആദ്യമായി സഖാക്കള്‍ പിരിവ് നടത്താന്‍ ഉപയോഗിച്ച ബക്കറ്റാണോ.

ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് ഉപ്പിന്റെ ചാക്ക് പോലും സി.സി.ടി.വി നിരീക്ഷണത്തിലാണ്. ‘മമ്മദ് ഉമ്മാക്ക്’ചിലവിന് കൊടുക്കുന്നത് പോലെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. എല്ലാം അവിടെയും ഇവിടെയുമായി കുറച്ച്, കുറച്ച്.
പിണറായി നാടുവാണീടും കാലം ഗുണ്ടകള്‍ എല്ലാവരും തില്ലങ്കേരിയാണ് എന്ന പാട്ട് വരെ വന്നു,’ പി.കെ. ബഷീര്‍ പറഞ്ഞു.