| Saturday, 12th September 2020, 8:18 am

എം.എൽ.എക്കും കൂട്ടർക്കും മാസം 4.5 ലക്ഷം രൂപ ശമ്പളം; എം.സി കമറുദ്ദീനെതിരായ ജ്വല്ലറി തട്ടിപ്പ് കേസിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃക്കരിപ്പൂർ: മുസ്‌ലിം ലീ​ഗ് നേതാവും എം.എൽ.എയുമായ എം.സി കമറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ വൻ തുകയാണ് ശമ്പളയിനത്തിൽ എം.എൽ.എ അടക്കമുള്ള പ്രധാനികൾ കൈപ്പറ്റിയതെന്ന് റിപ്പോർട്ടുകൾ.

ജ്വല്ലറി ഡയറക്ടർ ബോർഡിലെ എം.എൽ.എ ഉൾപ്പെടെയുള്ള. മൂന്ന് പ്രധാനികൾ ശമ്പളയിനത്തിൽ പ്രതിമാസം നാലര ലക്ഷം രൂപ എഴുതിയെടുത്തിരുന്നുവെന്ന് ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്യുന്നു. ഡ്രൈവർമാരുടെ ശമ്പളം, പെട്രോൾ എന്നീ ഇനത്തിൽ ഒരു ലക്ഷം രൂപ വേറെയുമെടുത്തിരുന്നു. 50,000 മുതൽ ഒരു ലക്ഷം രൂപവരെ ശമ്പളം പറ്റിയ എട്ട് ഡയറക്ടർമാർ വേറെയും സ്ഥാപനത്തിലുണ്ടായിരുന്നു. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം സ്വകാര്യ സമ്പാദ്യത്തിലേക്ക് മാറ്റിയെന്നാണ് സൂചനകൾ.

സ്ഥാപനം തകർന്നപ്പോഴും സ്വന്തക്കാരുടെ തുക തിരിച്ചു നൽകിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം.സി കമറുദ്ദീനെതിരെ വ്യാപകമായി പരാധികൾ പുറത്തുവന്നിരുന്നു.
എം.സി കമറുദ്ദീന്‍ ഗുണ്ടകളുമായെത്തി 25 കിലോ സ്വര്‍ണം കവര്‍ന്നെന്ന ആരോപണവുമായി തലശ്ശേരി മാര്‍ജാന്‍ ജ്വല്ലറി ഉടമ കെ.കെ ഹനീഫ രം​ഗത്തെത്തിയിരുന്നു. 2007ലാണ് സംഭവം നടന്നത്.

അന്ന് മൂന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണ്ണമായിരുന്നു ഇത്. സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് പന്ത്രണ്ടര കോടിയോളം വില വരുമെന്നും ഹനീഫ വ്യക്തമാക്കിയിരുന്നു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിനെ തുടര്‍ന്ന് എം.എല്‍.എ എം.സി കമറുദ്ദീനെ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മുസ്ലിം ലീഗ് നീക്കിയിരുന്നു. നിക്ഷേപകര്‍ക്ക് ആറുമാസത്തിനകം പണം തിരികെ നല്‍കണമെന്നും കമറുദ്ദീനോട് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നങ്ങള്‍ കമറുദ്ദീന്‍ തന്നെ ഏറ്റെടുക്കണമെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതേ സമയം ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ഒരാള്‍ ബിസിനസ് തുടങ്ങി ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരുമായി പാണക്കാട് തങ്ങള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയായിരുന്നു തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim league MLA M.C Kamarudheen received 4.5 lakh as salary

We use cookies to give you the best possible experience. Learn more