| Monday, 19th September 2022, 9:44 pm

ചരിത്ര കോണ്‍ഗ്രസില്‍ രാഗേഷ് ശ്രമിച്ചത് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍; ഗവര്‍ണര്‍ക്കെതിരെ വധശ്രമം ഉണ്ടായെന്ന് വിശ്വാസിക്കുന്നില്ല: ലീഗ് നേതാവ്‌ കെ.എന്‍.എ. ഖാദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായെന്ന് ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ. ഖാദര്‍. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നുവെന്ന മട്ടില്‍ ഗവര്‍ണറുടെ പത്രസമ്മേളനത്തിന് പരസ്യം നല്‍കിയത് മാധ്യമങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു. ഗവര്‍ണര്‍ പുറത്തുവിട്ട വീഡിയോ കണ്ടാല്‍ അദ്ദേഹത്തിനെതിരെ ഒരു വധശ്രമവും ഗൂഢാലോചനയും ഉണ്ടായിരുന്നുവെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ അദ്ദേഹം ഒപ്പിടാന്‍ തയ്യാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണല്ലൊ. ആ രണ്ട് ബില്ലുകള്‍ പാസ്സാക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തുപോന്നിട്ടുള്ളതാണ്. ഗവര്‍ണര്‍ അവയില്‍ ഒപ്പുവെക്കരുതെന്നും കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടു.

‘2019ലെ കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ ചില ബഹളങ്ങളും പ്രതിഷേധവുമൊക്കെ ഉണ്ടായിരുന്നു. അതിന്റെ നേര്‍ചിത്രം വീഡിയോ പ്രദര്‍ശനം വഴി കണ്ടു. അദ്ദേഹത്തിനെതിരെ ഒരു വധശ്രമവും ഗൂഢാലോചനയും ഉണ്ടായിരുന്നുവെന്ന് വിശ്വാസിക്കാനാവുന്നില്ല.

പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നിയില്ല. ഇര്‍ഫാന്‍ ഹബീബ്, വി.സി എന്നിവര്‍ ആ സമയത്ത് വേദിയില്‍ അകാരണമായി ഉലാത്തുന്നത് എന്തിനാണെന്ന് മാത്രം മനസിലായില്ല. അവര്‍ ശാന്തരായി അവരവരുടെ സീറ്റുകളില്‍ ഇരിക്കേണ്ടതായിരുന്നു.

സദസിലെ ബഹളവും ഒഴിവാക്കാമായിരുന്നു. രാഗേഷ് താഴെ ഇറങ്ങി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് തോന്നിയത്.
സുരക്ഷ നല്‍കാന്‍ ആവശ്യാനുസരണം പൊലീസ് ഉണ്ടായിരുന്നുവല്ലോ.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൈമാറിയ കത്തുകള്‍ പുറത്തു വിടത്തക്ക പ്രാധാന്യം ഉള്ളവയല്ല. അദ്ദേഹം എന്തായാലും അന്വേഷണം ആവശ്യപ്പെട്ട് കണ്ടില്ല. പത്രക്കാരോട് അന്വേഷണം നടത്താന്‍ പറയുന്നത് കേട്ടു. അതില്‍ എന്ത് അര്‍ഥമാണുള്ളത്. തമാശയായി തോന്നി,’ കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പോലെ ഒന്നാണ് ഈ വധശ്രമ ആരോപണവും. രണ്ടും ആ നിലക്ക് കാണാന്‍ കഴിയില്ല. അല്ലെങ്കിലും ഇര്‍ഫാന്‍ ഹബീബിന് ചേര്‍ന്ന പണിയാണ് അതെന്നുതോന്നുന്നില്ല. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളോടൊ, ബന്ധു നിയമനങ്ങളോടൊ,അനര്‍ഹരെ നിയമിക്കുന്നതിനോടൊ ഒരിക്കലും യോജിക്കാന്‍ കഴിയില്ല.

അതേസമയം ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് ഈ വിധം ഏറ്റുമുട്ടുന്നത് നല്ല കീഴ് വഴക്കം അല്ല.സര്‍ക്കാര്‍ മാറി വരുമല്ലോ. അദ്ദേഹം ഒരക്ഷരം പോലും പരസ്യമായി പ്രതികരിക്കാതെ ആ രണ്ട് ബില്ലുകളോട് വിയോജിച്ച് ഒപ്പിടാതെ മാറ്റിവെച്ചുവെങ്കില്‍ കൂടുതല്‍ നന്നായേനെ. ഗവര്‍ണര്‍ പദവി അല്ലെങ്കിലും ആവശ്യമായ ഒന്ന് അല്ലെന്ന് ഞാന്‍ മുമ്പ് എഴുതിയതാണ്. അത് ഇപ്പോഴത്തെ സംഭവങ്ങള്‍ കൊണ്ട് അല്ലെന്നും കെ.എന്‍.എ. ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

CONTEN HIGHLIGHTS:  Muslim League MLA KNA Khader said Governor Arif Muhammad Khan’s press conference was like giving birth to a mountain rat

We use cookies to give you the best possible experience. Learn more