കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായെന്ന് ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ. ഖാദര്‍. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നുവെന്ന മട്ടില്‍ ഗവര്‍ണറുടെ പത്രസമ്മേളനത്തിന് പരസ്യം നല്‍കിയത് മാധ്യമങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു. ഗവര്‍ണര്‍ പുറത്തുവിട്ട വീഡിയോ കണ്ടാല്‍ അദ്ദേഹത്തിനെതിരെ ഒരു വധശ്രമവും ഗൂഢാലോചനയും ഉണ്ടായിരുന്നുവെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ അദ്ദേഹം ഒപ്പിടാന്‍ തയ്യാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണല്ലൊ. ആ രണ്ട് ബില്ലുകള്‍ പാസ്സാക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തുപോന്നിട്ടുള്ളതാണ്. ഗവര്‍ണര്‍ അവയില്‍ ഒപ്പുവെക്കരുതെന്നും കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടു.
‘2019ലെ കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ ചില ബഹളങ്ങളും പ്രതിഷേധവുമൊക്കെ ഉണ്ടായിരുന്നു. അതിന്റെ നേര്‍ചിത്രം വീഡിയോ പ്രദര്‍ശനം വഴി കണ്ടു. അദ്ദേഹത്തിനെതിരെ ഒരു വധശ്രമവും ഗൂഢാലോചനയും ഉണ്ടായിരുന്നുവെന്ന് വിശ്വാസിക്കാനാവുന്നില്ല.
പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നിയില്ല. ഇര്‍ഫാന്‍ ഹബീബ്, വി.സി എന്നിവര്‍ ആ സമയത്ത് വേദിയില്‍ അകാരണമായി ഉലാത്തുന്നത് എന്തിനാണെന്ന് മാത്രം മനസിലായില്ല. അവര്‍ ശാന്തരായി അവരവരുടെ സീറ്റുകളില്‍ ഇരിക്കേണ്ടതായിരുന്നു.
സദസിലെ ബഹളവും ഒഴിവാക്കാമായിരുന്നു. രാഗേഷ് താഴെ ഇറങ്ങി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് തോന്നിയത്.
സുരക്ഷ നല്‍കാന്‍ ആവശ്യാനുസരണം പൊലീസ് ഉണ്ടായിരുന്നുവല്ലോ.