| Tuesday, 12th October 2021, 9:59 am

ആര്‍.എസ്.എസ് പരിപാടിയില്‍ ലീഗ് നേതാക്കളും; ലീഗില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്; ആര്‍.എസ്.എസ് സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് അംഗങ്ങള്‍ പങ്കെടുത്തതില്‍ വിവാദം. മുസ്‌ലിം ലീഗ് വാര്‍ഡ് മെമ്പറായ മുനീറ നാസര്‍, ലീഗ് പഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാനുമായ പാറക്കല്‍ അബു ഹാജി എന്നിവരാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്.

ഉള്ള്യേരി 19ല്‍ തുടങ്ങിയ സേവാഭാരതിയുടെ കാര്യാലയം ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍.എസ്.എസ് പ്രാന്തീയ കാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി എന്നിവര്‍ക്കൊപ്പമാണ് ലീഗ് നേതാക്കള്‍ പങ്കെടുത്തത്.

സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് ലീഗിനുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ പുകയുകയാണ്. പ്രശ്‌നത്തില്‍ ലീഗ് അണികള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

ഇതേ തുടര്‍ന്ന് ലീഗ് നേതൃത്വം അബു ഹാജിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹാജിക്കെതിരെ സംഘടനാ നടപടികള്‍ കൈക്കൊള്ളാനും സാധ്യതയുണ്ട്.

ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്സിന്റെ ബൂത്ത് പ്രസിഡന്റായ ടി.കെ ബേബിയും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

ചടങ്ങിന്റെ ചിത്രങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ലീഗ് അണികളില്‍ നിന്നടക്കം വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muslim League members attended RSS program

Latest Stories

We use cookies to give you the best possible experience. Learn more