| Sunday, 19th May 2024, 1:57 pm

സി.എച്ച് സെന്ററുകള്‍ പാര്‍ട്ടി നിയന്ത്രണത്തിലാക്കും: മുസ്‌ലിം ലീഗ് നേതൃയോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.എച്ച് സെന്ററുകള്‍ പാര്‍ട്ടി നിയന്ത്രണത്തിലാക്കാന്‍ തീരുമാനിച്ച് മുസ്‌ലിം ലീഗ് നേതൃയോഗം. സി.എച്ച് സെന്ററുകളും പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളും പാര്‍ട്ടി നിയന്ത്രണത്തിലാക്കാനും ഏകോപനത്തിനുള്ള സംവിധാനമൊരുക്കാനുമാണ് തീരുമാനം.

നിലവില്‍ സി.എച്ച് സെന്ററുകള്‍ വ്യക്തികളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ പല രീതിയിലാണ് ചാരിറ്റി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

ഇത് പാര്‍ട്ടിക്ക് പ്രയോജനം ഉണ്ടാക്കുന്നില്ല എന്ന വിലയിരുത്തലിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് ചാരിറ്റി മേഖലയിലെ ഏകോപനത്തിന് ഒരുങ്ങുന്നത്.

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണയ്ക്കായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് സി.എച്ച് സെന്ററുകള്‍. കെ.എം.സി.സി (കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍) പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖല കൂടിയാണിത്.

കാലിക്കറ്റ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, വിവിധ ജില്ലാ, പ്രാദേശിക തലങ്ങളില്‍ സി.എച്ച് സെന്ററുകള്‍ സജീവമാണ്. ജീവകാരുണ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നേടിയ പ്രവാസി മലയാളികളുടെ സംഘടനയാണ് കെ.എം.സി.സി.

ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുക, വൈദ്യസഹായം നല്‍കുക, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തുക, സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കല്‍ തുടങ്ങിയവയാണ് കെ.എം.സി.സി പ്രവര്‍ത്തനങ്ങള്‍.

അതേസമയം മുസ്‌ലിം നേതൃയോഗത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധരെ നേരിടണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിരുന്നു. ലീഗിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് ഭാരവാഹി യോഗത്തിലും സെക്രട്ടേറിയേറ്റ് യോഗത്തിലും ഉരുത്തിരിഞ്ഞ അഭിപ്രായം.

സി.പി.ഐ.എമ്മില്‍ നിന്ന് ആചാരം വാങ്ങുന്ന ചിലര്‍ മാത്രമാണ് ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇതുസംബന്ധിച്ച് സ്വീകരിക്കുന്ന ഏതൊരു തീരുമാനത്തെയും  തങ്ങൾ അനുകൂലിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Content Highlight: Muslim League leadership meeting decided to bring CH centers under party control

We use cookies to give you the best possible experience. Learn more