| Monday, 16th October 2023, 3:16 pm

കത്വ ഫണ്ട് തട്ടിപ്പ് കളവ്; രാഷ്ട്രീയ പ്രേരിത ആരോപണമെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് ആരോപണക്കേസില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക്
അനുകൂലമായി പൊലീസ് റിപ്പോര്‍ട്ട്. പി.കെ. ഫിറോസ്, സി.കെ. സുബൈര്‍ എന്നിവര്‍ക്കെതിരെ ഉയര്‍ത്തപ്പെട്ട ആരോപണങ്ങള്‍ കളവാണെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്കെതിരെ വെറുതെ പരാതി നല്‍കിയെന്നാണ് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുന്ദമംഗലം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി.കെ. ഫിറോസും
സി.കെ. സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലമായിരുന്നു പരാതിക്കാരന്‍. കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തതായും യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലത്തിന്റെ പരാതിയിലുണ്ടായിരുന്നു.

പരാതിയില്‍ സി.കെ. സുബൈര്‍, പി.കെ. ഫിറോസ് എന്നിവര്‍ക്കെതിരെ ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തായിരന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം വ്യാപകമായി ഉപയോഗിക്കപ്പെട്ട
ആരോപണമാണ് കള്ളമെന്ന് തെളിഞ്ഞതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ ശൈലിയല്ലെന്നും പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

‘കത്‌വ ഫണ്ട് വിവാദം സൃഷ്ടിച്ച് യൂത്ത് ലീഗിനെതിരെയും പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെയും ഉയര്‍ത്തപ്പെട്ട ആരോപണങ്ങളത്രയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഈ ആരോപണം വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

എന്നാല്‍ പ്രസ്തുത കേസ് കെട്ടിച്ചമച്ചതാണെന്ന് ഇപ്പോള്‍ പൊലിസ് കണ്ടെത്തിയിരിക്കുന്നു. പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ ശൈലിയല്ല. അത്തരം രീതികള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. ആരോപണത്തില്‍ അടിപതറാതെ നിലയുറപ്പിച്ച പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!,’ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Content Highlight:  Muslim League leaders in Katwa fund fraud case Positive police report

We use cookies to give you the best possible experience. Learn more