| Friday, 28th September 2018, 11:31 am

പള്ളി ആക്രമിച്ച കേസില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ പിടിയില്‍; അറസ്റ്റിലായത് ഈ കേസില്‍ സി.പി.ഐ.എമ്മിനെതിരെ പരാതി നല്‍കിയയാള്‍

അലി ഹൈദര്‍

കണ്ണൂര്‍: നെല്ലിക്കപ്പാലം കാലടിയില്‍ മുസ്ലിം പള്ളി കല്ലെറിഞ്ഞു പൊളിച്ച കേസില്‍ ലീഗ് നേതാക്കള്‍ പിടിയില്‍. കാലടി സ്വദേശിയും മുസ്‌ലീം യൂത്ത് ലീഗ് നേതാവുമായ അലസന്‍ ഖാദര്‍ എന്ന അബ്ദുള്‍ ഖാദര്‍ (28), മൊയ്തു നിസാമി (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുവര്‍ഷം മുമ്പാണ് തെരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിക്കുനേരെ ഇവര്‍ അക്രമം നടത്തിയത്. എന്നാല്‍ പള്ളി ആക്രമിച്ചത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ഇപ്പോള്‍ പിടിയിലായ മൊയ്തു നിസാമിയുള്‍പ്പെടെയുള്ള പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ മയ്യില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


Read Also : ഗഡ്കരിയുടെ ഗ്രാമത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്; 17ല്‍ 16 ഇടത്തും വിജയിച്ചതായി കോണ്‍ഗ്രസ്‌


2016 മെയ് ഒന്നിന് അബ്ദുള്‍ റഹ്മാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി കാലടിയില്‍ നടത്തിയ പൊതുയോഗം നടക്കുന്നതിനിടെ ഒരു സംഘം വേദിയിലേക്ക് കല്ലെറിയുകയായരുന്നു. മുഖ്യധാര പത്രാധിപനും പ്രഭാഷകനുമായ സഹീദ് റൂമി പ്രസംഗിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ സൊസൈറ്റി പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

തുടര്‍ന്ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് കാലടിയിലെ ജുമാമസ്ജിദിന് നേരെ അക്രമമുണ്ടായത്. കല്ലേറില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നായിരുന്നു മുസ്‌ലിം ലീഗും പള്ളിക്കമിറ്റി ഭാരവാഹികളും ഇപ്പോള്‍ പിടിയിലായ മൊയ്തു നിസാമിയുള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിച്ചത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ കേസ് കണ്ണൂര്‍ സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മരവിപ്പിച്ചു വയ്ക്കുകയായിരുന്നു. മുസ്‌ലി ലീഗിന്റെ ഭൂരിപക്ഷ പ്രദേശത്ത് നടന്ന ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും സി.പി.ഐ.എം അന്ന് പറഞ്ഞിരുന്നു.

തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അബ്ദുള്‍ റഹ്മാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മറ്റും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാന്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് കേസില്‍ കാലടി സ്വദേശിയും അലസന്‍ ഖാദര്‍ എന്ന അബ്ദുള്‍ ഖാദര്‍ (28), മൊയ്തു നിസാമി (38) ഉം പൊലീസ് അറസ്റ്റു ചെയ്തതെന്നും ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണെന്നും മയ്യില്‍ പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്ന് യോഗത്തില്‍ പ്രസംഗിക്കാന്‍ എത്തിയ സഹീദ് റൂമി പറയുന്നത്.

“ഒരു ജുമഅത്ത് പള്ളിയുടെ മുന്നിലുള്ള പാടത്ത് വെച്ചാണ് പ്രസംഗം നടന്നത്. പ്രസംഗം തുടങ്ങി അരമണിക്കൂറ് കഴിഞ്ഞപ്പോള്‍ കല്ലിന്റെ മഴയാണ് വന്നത്. കല്ലേറ് ശക്തമായപ്പോള്‍ എനിക്ക് കൊള്ളാതിരിക്കാന്‍ കൂടെയുണ്ടായിരുന്ന സഖാക്കള്‍ വളഞ്ഞ് നില്‍ക്കുകയാണ് ചെയ്തത്. അതില്‍ പത്തോളം സഖാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അവരെ അന്ന് എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ പിറ്റേ ദിവസം അല്‍ഭുതകരമായ ഒരു വാര്‍ത്തയാണ് നമ്മള്‍ കേട്ടത്. സി.പി.ഐ.എന്റെ നേതാവ് ആഹ്വാനം ചെയ്തത് പ്രകാരം ചെറുപഴശ്ശിയിലെ എന്ന് പറഞ്ഞാല്‍ കാലടിയിലെ പള്ളി പൊളിച്ചു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പള്ളി പൊളിച്ചു എന്ന രീതിയില്‍ വലിയ പ്രചരണം നടന്നു. പിറ്റേ ദിവസം പള്ളിയുടെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സി.പി.ഐ.എമ്മാണ് ഇതിനു പിന്നിലെന്ന് കേരളം മൊത്തം പ്രചരിപ്പിച്ചു.

പക്ഷെ ഇതിന്റെ പിന്നില്‍ ലീഗാണെന്ന് അന്നേ ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഈ കേസില്‍ ലീഗിന്റെ നേതാക്കളും പള്ളി ഭാരവാഹിയും പ്രവര്‍ത്തകരും കുടുങ്ങുമെന്നായപ്പോള്‍ കേസില്‍ നിന്ന് അവര്‍ പിന്മാറുകയായിരുന്നു.


അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more