| Tuesday, 4th May 2021, 10:30 pm

നിങ്ങള്‍ എത്ര വേണേലും കട്ടോ, ഞങ്ങള്‍ക്കും ഒരു പങ്ക് തരണേയെന്ന് പറയുന്ന യാചകവൃന്ദമായി മലയാളി മാറി; യു.ഡി.എഫിന്റെ തോല്‍വിയില്‍ ലീഗ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളികളുടെ ബൗദ്ധിക ധൈഷണിക ബോധത്തിന് മാറ്റം വന്നിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് വിധിയിലൂടെ മനസിലാകുന്നതെന്ന് മുസ്‌ലീം ലീഗ് നേതാവ് ഷാഫി ചാലിയം. മീഡിയ വണ്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്നവര്‍ അഴിമതി നടത്തിയാലും അതിലൊരു പങ്ക് തനിക്കും ലഭിച്ചാല്‍ മതിയെന്നാണ് മലയാളിയുടെ ചിന്താഗതിയെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി ചാലിയത്തിന്റെ വാക്കുകള്‍:

എവിടേക്കെത്തി മലയാളി? ഒരു കടുത്ത കൊവിഡ് പോലുള്ള ദുരന്തത്തിലകപ്പെട്ട് അതിന്റെ വറുതിയിലായ ജനതയുടെ നിസഹായാവസ്ഥ മുതലെടുക്കുന്ന സര്‍ക്കാരാണിത്.

നിങ്ങള്‍ എന്തും കട്ടോ, എന്തും കൊണ്ടുപോയ്‌ക്കോ, എന്തും നശിപ്പിച്ചോ ഇങ്ങോട്ടേക്കും തരണേ എന്ന് പറയുന്ന തരത്തിലേക്ക് മലയാളിയെത്തി.

മലയാളിക്ക് മൊബൈല്‍ ഫോണ്‍ വേണം. റെയ്ഞ്ച് ഇല്ലെങ്കില്‍ ചീത്ത പറയും. പക്ഷെ മൊബൈല്‍ ടവര്‍ തന്റെ വീടിനടുത്ത് വരാന്‍ പാടില്ല. റോഡിന് വീതി കൂടണം പക്ഷെ തന്റെ സ്ഥലം എടുക്കാന്‍ പാടില്ല.


അരിയും ഗോതമ്പും പൊടിക്കാന്‍ ഫ്‌ളോര്‍ മില്ല് വേണം പക്ഷെ തന്റെ വീടിനടുത്ത് പാടില്ല. സ്വാര്‍ത്ഥ ബോധത്തിലേക്ക് മലയാളി എത്തിയിരിക്കുന്നു.

നിങ്ങള്‍ എന്തും കട്ടോ ഒരു വിഹിതം ഇങ്ങോട്ടും തന്നേക്ക്. എന്ന് പറയുന്ന യാചകവൃന്ദത്തിലേക്ക് തമിഴ്‌നാടിനെ പോലെ മലയാളിയും എത്തിയിരിക്കുന്നു- ഷാഫി പറഞ്ഞു.

തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. മേയ് രണ്ടിന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ 140 ല്‍ 99 സീറ്റിലും എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ യു.ഡി.എഫ് 41 സീറ്റിലൊതുങ്ങുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Muslim League Leader Shafi Chaliyam on UDF Defeat Media One

We use cookies to give you the best possible experience. Learn more