Kerala News
ചന്ദ്രികക്ക് പണം കൊടുക്കാന്‍ പറയുമ്പോള്‍ കടത്തിലായതിനെകുറിച്ചും പഠിക്കണം; അത് യോഗത്തില്‍ ചര്‍ച്ച ചെയ്തു; 'കുഞ്ഞാലിക്കുട്ടിയുടെ രാജിഭീഷണി' വാര്‍ത്ത ഈ നൂറ്റാണ്ടിലെ തമാശ: പി.എം.എ സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 17, 07:14 am
Sunday, 17th July 2022, 12:44 pm

മലപ്പുറം: കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നുവെന്നും ഇതേത്തുടര്‍ന്ന് അദ്ദേഹം രാജി ഭീഷണി മുഴക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

ചന്ദ്രികയുടെ കടബാധ്യതകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ ഒരു നേതാവിനെയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. മുസ്‌ലിം ലീഗില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ പി.എം.എ സലാം കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കി എന്ന വാര്‍ത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും കൂട്ടിച്ചേര്‍ത്തു.

”മുസ്‌ലിം ലീഗ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഉള്‍പാര്‍ട്ടി അഭിപ്രായ സ്വാതന്ത്ര്യത്തെ എപ്പോഴും വിലമതിക്കുന്ന പാര്‍ട്ടിയാണ്. നിങ്ങള്‍ക്ക് ഇതൊക്കെ പറയാന്‍ കഴിയുന്നത് തന്നെ മുസ്‌ലിം ലീഗില്‍ ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ടാണ്.

അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞു. ആ തീരുമാനങ്ങളെ ഐക്യകണ്‌ഠേന അംഗീകരിച്ചുകൊണ്ട് പാണക്കാട് തങ്ങള്‍ തന്നെ അവസാനം പ്രസംഗിച്ചു. ഇനി അത് നടപ്പാക്കലാണ് പാര്‍ട്ടിയുടെ പണി.

അത് നടപ്പിലാക്കുന്നതിന് മുമ്പ് ആ കാര്യത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടക്കും, എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവസരം കൊടുക്കും. അത്തരം അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമായും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. അതിനപ്പുറം ഏതെങ്കിലും വ്യക്തിയെയോ നേതാവിനെയോ അപഹസിക്കുകയോ വ്യക്തിപരമായി പരാമര്‍ശിക്കുകയോ ചെയ്ത ഒരു വാക്കോ പ്രവര്‍ത്തനമോ സംഘടനക്കുള്ളില്‍ ഉണ്ടായിട്ടില്ല.

ചന്ദ്രികയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് എന്ന് പറഞ്ഞിട്ടാണ് ഹദിയ ക്യാംപെയിനിലൂടെ ജനങ്ങളില്‍ നിന്ന് ഫണ്ട് വാങ്ങിയത്. ജനങ്ങള്‍ മനസറിഞ്ഞ് സഹായിക്കുകയും ചെയ്തു.

ചന്ദ്രികക്ക് പണം കൊടുക്കണം, അതിന്റെ ബാധ്യതകള്‍ തീര്‍ക്കണം എന്ന് പറയുമ്പോള്‍ സ്വാഭാവികമായും എന്തുകൊണ്ട് ചന്ദ്രികയില്‍ ഇത്രയും കടങ്ങള്‍ പെരുകുന്നു എന്നതിനെക്കുറിച്ച് പഠിക്കണം.

അത് ശ്രദ്ധിക്കണം, ഇനിയും കടങ്ങള്‍ പെരുകുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. അത് സ്വാഭാവികമാണ്. എല്ലാവരും അത് അംഗീകരിച്ചിട്ടുണ്ട്. അത്തരം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അല്ലാതെ വ്യക്തിപരമായി ഏതെങ്കിലും നേതാവിനെയോ നേതാക്കളെയോ വിമര്‍ശിക്കുന്നതോ അപഹസിക്കുന്നതോ ആയ ഒരു പരാമര്‍ശവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടില്ല.

യോഗത്തില്‍ വെച്ച് കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയില്ലേ എന്ന ചോദ്യത്തിന്, ”ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിട്ടാണ് എനിക്കിത് തോന്നുന്നത്. മുസ്‌ലിം ലീഗില്‍ നിന്ന് ആരെങ്കിലും രാജി വെച്ച് പോയാല്‍ എന്റെയൊക്കെ സ്ഥിതി നിങ്ങള്‍ക്ക് അറിയില്ലേ. ആരെങ്കിലും പോകാന്‍ തയാറാവുമോ,” എന്നായിരുന്നു പി.എം.എ സലാം മറുപടി പറഞ്ഞത്.

ലീഗ് യോഗത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ താന്‍ രാജി എഴുതി നല്‍കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.എം. ഷാജി, കെ.എസ്. ഹംസ എന്നീ മൂന്ന് നേതാക്കളായിരുന്നു വിമര്‍ശനമുന്നയിച്ചത്.

ചന്ദ്രിക ദിനപത്രത്തിന്റെ ഫണ്ടില്‍ സുതാര്യതയില്ലെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പി.കെ. ബഷീര്‍ പറഞ്ഞു. പിരിക്കുന്ന ഫണ്ട് എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം യോഗത്തില്‍ ചോദിച്ചു. കെ.എം. ഷാജിയും സമാനമായ വിമര്‍ശനമുന്നയിച്ചു.

കുഞ്ഞാലിക്കുട്ടി യു.ഡി.എഫിലാണോ എല്‍.ഡി.എഫിലാണോ എന്ന് സംശയമാണെന്നായിരുന്നു കെ.എസ്. ഹംസയുടെ വിമര്‍ശനം.

ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പ്രകോപിതനായെന്നും, ‘ഒരു വെള്ളക്കടലാസ് തരൂ, ഉടനെ രാജി എഴുതി നല്‍കാം,’ എന്ന തരത്തില്‍ പ്രതികരിച്ചെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Muslim League leader PMA Salam about Chandrika debt and report of PK Kunhalikutty’s resignation