കോഴിക്കോട്: സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ച സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
സുപ്രീം കോടതിയില്‍ വന്നിരിക്കുന്ന ഹരജി മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പലതവണ അഭിമുഖീകരിച്ചതാണെന്നും, ഒരു തുറന്ന പുസ്തകം പോലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ദശകങ്ങളായി ഭരണ പക്ഷത്തും പ്രതിപക്ഷത്തും പാര്‍ട്ടി പ്രവര്‍ത്തിച്ചുകഴിഞ്ഞു. ഒരു തുറന്ന പുസ്തകം പോലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍.
പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തനം മതസൗഹാര്‍ദത്തിനോ മതേതരത്വത്തിനോ ഹാനികരമായിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അതില്ലെന്ന് മാത്രമല്ല മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് ലീഗ്.
അയോധ്യ വിഷയം നടന്നപ്പോള്‍ വരെ മതേതരത്വത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി മുസ്‌ലിം ലീഗ് ക്യാമ്പെയ്ന്‍ നടത്തി. ഇതെല്ലാം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലീഗ് മികച്ച സെക്കുലര്‍ പ്രവര്‍ത്തന റെക്കോര്‍ഡുള്ള പാര്‍ട്ടിയാണെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് പാര്‍ട്ടി ഇതൊരു ഭീഷണിയായി കാണുന്നില്ല. ഞങ്ങളത് കോടതിയില്‍ തെളിയിക്കുമെന്നും, പാര്‍ട്ടിയുടെ മതേതരത്വം തെളിയിക്കുക എന്നത് സന്തോഷമുള്ള കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 18നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് സുപ്രീം കോടതി നിര്‍ദേശം.
മതാടിസ്ഥാനത്തിലോ പ്രീണനം വഴിയോ വോട്ട് തേടുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഈ വിഷയത്തില്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വി ആണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ 29(എ), 123(3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പേരോ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടാന്‍ പാടില്ല. എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാന പാര്‍ട്ടികള്‍ മതത്തിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യവസ്ഥ ബാധകമാണെന്ന ഹരജിക്കാരന്റെ അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയ പറഞ്ഞു.
ചില പാര്‍ട്ടികള്‍ ചന്ദ്രക്കലയും നക്ഷത്രവും പാര്‍ട്ടി പതാകയില്‍ ഉപയോഗിക്കുന്നു. ചില പാര്‍ട്ടികളുടെ പേരിന് സമുദായച്ചുവയാണ്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് എസ്.ആര്‍. ബൊമ്മെ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് ലോകസഭയിലും രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് പ്രചരണം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
Content Highlight: Muslim League Leader PK Kunhalikutty’s Reaction about Supreme Court Notice