മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിതപാശ്ചാത്യവല്‍ക്കരണമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും, ഇത് നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുന്നില്ല. എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും, അനാവശ്യ വിവാദങ്ങളേക്കാള്‍ കുട്ടികളുടെ വിദ്യാഭ്യാസമാണ് വലുതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം.കെ.മുനീര്‍ എം.എല്‍.എയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിലും കുഞ്ഞാലിക്കുട്ടി അഭിപ്രായം രേഖപ്പെടുത്തി. ഓണക്കിറ്റ് നല്ലത് തന്നെ, പക്ഷെ കേരളം കഴിഞ്ഞു പോകുന്നത് സര്‍ക്കാരിന്റെ ഓണകിറ്റിലല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സഹായത്തേക്കാള്‍ ജനങ്ങളിലേക്കെത്തുന്നത് സന്നദ്ധ സംഘടനകളും സഹായമാണെന്നും കുഞ്ഞാലിക്കൂട്ടി ചൂണ്ടികാട്ടി.
രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം അനുവദിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ വിഷമസന്ധിയില്‍ മുസ്‌ലിം ലീഗ് ഒപ്പമുണ്ടാകും. നേതാക്കളെ നിരന്തരം കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സോണിയ ഗാന്ധിയെപ്പോലും അനാവശ്യമായി വേട്ടയാടുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ എല്ലാ പാര്‍ട്ടികളും എതിര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറല്‍ തിട്ടൂരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ക്‌സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട് കുരുടന്‍ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞിരുന്നു.
ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാസിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് മുനീര്‍ വെളിപ്പെടുത്തിയതെന്നും മജീദ് പറഞ്ഞു.