| Friday, 5th August 2022, 6:31 pm

കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ല; ഈ വിഷമ സന്ധിയില്‍ പാര്‍ട്ടി ഒപ്പമുണ്ടാകും: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ ഈ വിഷമ സന്ധിയില്‍ പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും, ദേശീയ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ആലോചിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യപരമായ സമീപനങ്ങള്‍ എടുക്കുക എന്നതാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്, എന്നാല്‍ അതിന് വിപരീതമായി അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതില്‍ അവര്‍ക്ക് യാതൊരു സങ്കോചവുമില്ല.

ഭരണകക്ഷി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍, അവര്‍ക്കെതിരെയൊന്നും ഒരു അന്വേഷണവുമില്ല. അവിടെ എല്ലാം നല്ലരീതിയിലാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ ജനത വിശ്വസിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എതിര്‍ക്കണം. മുസ്‌ലിം ലീഗ് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എം.പിമാരെയും രാജ്യ തലസ്ഥാനത്ത് കസ്റ്റഡിയിലെടുത്തു.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ വിഷയത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. എല്ലാ തലസ്ഥാന നഗരികളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. മുംബൈയില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

‘നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി. നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും. നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട,’ എന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

Content Highlight: Muslim league leader PK Kunhalikutty about Central Government’s facist approach

We use cookies to give you the best possible experience. Learn more