| Monday, 8th August 2022, 2:58 pm

മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിലൂടെ ചെയ്തത് മൂന്ന് തെറ്റുകള്‍: പി.കെ. ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിലൂടെ ചെയ്തത് മൂന്ന് തെറ്റുകളാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.

ബീനാ ഫിലിപ്പ് ആര്‍.എസ്.എസിന്റെ വേദിയില്‍ പങ്കെടുത്തുവെന്നത് ഒന്നാമത്തെ തെറ്റ്, രണ്ടാമത്തെ തെറ്റ് അവര്‍ അതില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചു എന്നതാണ്, മൂന്നാമത്ത തെറ്റ് ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷകസംഘടനയല്ല എന്ന പരാമര്‍ശം നടത്തിയതാണ്, അതിലൂടെ മേയേര്‍ ആ സംഘടനയെ വെള്ളപൂശിയെന്നും ഫിറോസ് പറഞ്ഞു.

മേയര്‍ ബീനാ ഫിലിപ്പ് സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിച്ച വിവാദത്തില്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പി.കെ. ഫിറോസ്.

കേരളം ശിശുപരിപാലനത്തില്‍ മോശമാണെന്ന പരാമര്‍ശത്തിലൂടെ മേയര്‍ കേരളത്തെ തള്ളിപ്പറഞ്ഞത് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും, ഉന്നത പദവിയില്‍ ഇരിക്കുന്ന വ്യക്തികള്‍ എന്തെങ്കിലും പറഞ്ഞുപോവുകയെന്നത് ശരിയായ കാര്യമല്ലെന്നും പി.കെ. ഫിറോസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേസമയം കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത നിലപാട് ശരിയല്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

സി.പി.ഐ.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമായ നടപടിയാണ് മേയര്‍ ചെയ്തതെന്നും, ഇത് സി.പി.ഐ.എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും, അക്കാരണംകൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപറയുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

വിവാദത്തില്‍ സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു.

കോഴിക്കോട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ? എന്ന ചോദ്യമാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ബീനാ ഫിലിപ്പ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് സി.പി.ഐ.എം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തി. സി.പി.ഐ.എം- ആര്‍.എസ്.എസ് ബന്ധം ശരി വെക്കുന്ന സംഭവമാണിതെന്നും സി.പി.ഐ.എം മേയര്‍ മോദി-യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.

Content Highlight: Muslim League leader PK Firos’s statment about kozhikode Mayor Beena Philip’s Controversy

We use cookies to give you the best possible experience. Learn more