ന്യൂദല്‍ഹി: ലോകസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്‌ലിം നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.പിയായിരുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ സംഘടനാ തലത്തില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനമായിരിക്കും ഇനിയുണ്ടാകുകയെന്നും ദല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഇപ്പോള്‍ ബി.ജെ.പി ഔട്ടാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘ദേശീയതലത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ കൈവന്നിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ നോക്കുകയാണെങ്കില്‍ പകുതിയിലേറെയും പ്രതിപക്ഷത്തിന്റെ കയ്യിലാണ് ഉള്ളത്. അതിനിടയില്‍ ഐക്യമുണ്ടാകുകയാണ് വേണ്ടത്. ബി.ജെ.പി ഔട്ടാണ്,’ അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും തമിഴ്‌നാട്ടില്‍ നടന്ന സമ്മേളനം എല്ലാവരുടെയും കണ്ണു തുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മുസ്‌ലിം ലീഗിന്റെ വലുപ്പം മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയത്തില്‍ എന്നും ഉണ്ടായിരുന്നു. ഇനിയും നന്നായി മുന്നോട്ട് പോകണം. അതിനായി ദല്‍ഹിയില്‍ ആസ്ഥാനം പണിയുകയെന്നത് ഞങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്നു. 6 മാസം കൊണ്ട് പണിപൂര്‍ത്തിയാക്കാനാണ് ഞങ്ങളുടെ ആഗ്രഹം,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Contenthighlight: Muslim league leader P K Kunjalikkutty stated that he will no longer contest for the loksabha