കണ്ണൂര്‍: ‘രാമരാജ്യത്തേക്ക് സ്വാഗതം’ തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വാര്‍ഡില്‍ സ്ഥാപിച്ച വിവാദ കമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. ‘രാമരാജ്യത്തേക്ക് സ്വാഗതം’ എന്നതിന് പകരം ഇസ്‌ലാമിക രാജ്യത്തിലേക്ക് സ്വഗതം എന്നായിരുന്നെങ്കില്‍ അഞ്ചാറ് യു.എ.പി.എയും ബോര്‍ഡ് വെച്ചവന്റെ ഐ.എസ്. ബന്ധം അന്വേഷിക്കല്‍ തുടങ്ങി അഞ്ചാറ് ദിവസം അന്തിച്ചര്‍ച്ച വരെ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നും പി.കെ. അബ്ദുറബ്ബിന്റെ പ്രതികരണം.
‘യു.പി.യിലെ ഏതോ കുഗ്രാമത്തില്‍ വെച്ച മലയാളം ബോര്‍ഡല്ല.
ഇരട്ടച്ചങ്കന്റെ കേരളത്തില്‍, കമ്മ്യൂണിസ്റ്റ് കോട്ടയെന്ന്
അഹങ്കരിക്കുന്ന തലശ്ശേരിയില്‍ സംഘപരിവാര്‍ വെച്ച
ബോര്‍ഡാണിത്. സ്വാഗതം ‘രാമ രാജ്യത്തിലേക്ക് ‘
എന്നായത് എത്ര നന്നായി… ‘ഇസ്‌ലാമിക രാജ്യത്തിലേക്ക് ‘
എന്നോ മറ്റോ ആയിരുന്നെങ്കില്‍
എന്താകുമായിരുന്നു പുകില്.
അഞ്ചാറ് യു.എ.പി.എ, അഞ്ചാറ് ദിവസം അന്തിച്ചര്‍ച്ച..
ബോര്‍ഡ് വെച്ചവരുടെ ഐ.എസ് ബന്ധം,
അവര്‍ കേള്‍ക്കുന്ന സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍,
അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍ മുതല്‍
അവര്‍ പഠിച്ച മദ്‌റസകള്‍ വരെ… ചര്‍ച്ചകളും, അന്വേഷണങ്ങളും
കൊഴുക്കുമായിരുന്നു. പടച്ചോന്‍ കാത്തു!,’ അബ്ദു റബ്ബ് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോല്‍സവത്തിന്റെ ഭാഗമായിട്ടായിരുന്നു വിവാദ കമാനം സ്ഥാപിച്ചിരുന്നത്. ശ്രീ നാരായണ ഗുരു സേവാട്രസ്റ്റിന്റെ പേരില്‍ കീഴന്തിമുക്ക് കവലയിലാണ് കമാനം. ഇതിനു മറുപടിയായി ഇതാരുടേയും രാജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കമാനം സ്ഥാപിച്ച്
ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.