| Tuesday, 21st June 2022, 3:06 pm

ആര്‍.എസ്.എസ് സമാന്തര പട്ടാളമായി മാറി; അഗ്നിപഥിലൂടെ ആര്‍.എസ്.എസിന്റെ കൈകളിലേക്ക് അത്യാധുനിക ആയുധങ്ങള്‍ മോദി കൊടുക്കും: എം.കെ. മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. ആര്‍.എസ്.എസ് രാജ്യത്തെ സമാന്തര പട്ടാളമായി മാറിയെന്നും അഗ്നിപഥിലൂടെ ആര്‍.എസ്.എസിന്റെ കൈകളിലേക്ക് അത്യാധുനിക ആയുധങ്ങള്‍ മോദി കൊടുക്കുകയാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.

നാഗ്പൂരിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള കളിപ്പാവകളാണ് മോദിയും അമിത് ഷായും. കേരളത്തിലും നാം കാണുന്നത് ചരടുവലിയാണ്. അതിന്റെ അറ്റം മോദിയുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു.

യൂത്ത് ലീഗ് ആദായ നികുതി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരുടെ വീടുകളാണ് രാജ്യത്ത് ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നത്. മുസ്‌ലിം സമുദായം പ്രതികരിച്ചാല്‍ അവരുടെ വീടുകള്‍ ഉള്‍പ്പെടെ തകര്‍ക്കും എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെന്നും എം.കെ. മുനീര്‍ കുറ്റപ്പെടുത്തി.

ജനകീയ പ്രക്ഷോഭത്തില്‍ ഏറ്റവും ക്ഷുഭിതവും സമര ചൂടിലും ഉള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

വംശ വെറിയിലേക്ക് ഇന്ത്യ പോകുമോ എന്ന ആശങ്കയിലാണ് ലോകത്തെ പല രാജ്യങ്ങളെന്നും പ്രവാചക നിന്ദയില്‍ ഇന്ത്യയുടെ നിലപാടില്‍ പല ലോക രാജ്യങ്ങളും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

അഗ്നിപഥില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിച്ചു വെച്ചിട്ടുണ്ട്. ജാതീയത, വര്‍ഗീയത, ഉപജാതി വിഭാഗീയത എല്ലാമുണ്ട്. എതിര്‍പ്പ് വന്നപ്പോള്‍ നിബന്ധനകള്‍ തോന്നിയത് പോലെ മാറ്റിയത് തന്നെ ഇത് തട്ടിപ്പാണെന്ന് തെളിയിച്ചു. ശരിയായ പ്രതിപക്ഷ ഐക്യം വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വീഴും. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരാന്‍ കാരണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാല്‍ ബി.ജെ.പി ഭരണം വരില്ല. ജനതാത്പര്യം ഉയര്‍ത്തിപ്പിടിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളത്. രാഹുല്‍ ഗാന്ധിയെ കേന്ദ്ര സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ്. യു.ഡി.എഫ് വലിയ സമര പരിപാടികള്‍ തുടങ്ങുന്നുണ്ട്. ശത്രുവിനെ എതിര്‍ക്കുമ്പോള്‍ ജനാധിപത്യപരവും നല്ല രീതിയിലുമാവണം എന്നതാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Content Higlights: Muslim League leader MK Muner has slammed the central government about agneepat protest

We use cookies to give you the best possible experience. Learn more