| Thursday, 28th April 2022, 1:04 pm

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും രണ്ട് നിലപാട്, മതേതരത്വത്തില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടം: എം.കെ. മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മതേതരത്വ നിലപാടില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. നെഹ്‌റുവിന്റെ പേര് പറയുമ്പോള്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടമാണെന്നും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയയിലും കോണ്‍ഗ്രസ് വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മതനിരപേക്ഷതക്കായി നിലകൊണ്ട നെഹ്റുവിയന്‍ യുഗത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ് 18ലെ മുഹമ്മദ് ഷഹീദിന് നല്‍കിയ അഭിമുഖത്തിലാണ് എം.കെ. മുനീര്‍ ഇക്കാര്യം പറയുന്നത്.

‘കോണ്‍ഗ്രസ് വളരെ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കേണ്ട ഒരു സമയമാണിപ്പോള്‍. കോണ്‍ഗ്രസിന് പകരം വെക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ നമ്മള്‍ കാണുന്നില്ല.

കോണ്‍ഗ്രസ് ചില സമയങ്ങളില്‍ ഉത്തരേന്ത്യയില്‍ എടുക്കുന്ന സമീപനവും ദക്ഷിണേന്ത്യയില്‍ എടുക്കുന്ന സമീപനവും രണ്ടായിപ്പോവുന്നുണ്ട്. നിലനില്‍പിന് വേണ്ടി അത്തരത്തില്‍ ഒരു നിലപാട് ചില സമയങ്ങളില്‍ സ്വീകരിക്കേണ്ടി വരും.

അതിന്റെ ഭാഗമായി ഹിന്ദുക്കളെ ആകര്‍ഷിക്കാനുള്ള മുദ്രാവാക്യങ്ങള്‍ ചിലപ്പോള്‍ ഉയര്‍ത്തേണ്ടിയും വരും. എന്നാല്‍ ഇവിടെ വളരെ സെക്കുലറാണ് കോണ്‍ഗ്രസ്. ഇവിടെയും തമിഴ്‌നാട്ടിലുമൊക്കെ കോണ്‍ഗ്രസ് വളരെ സെക്കുലറാണ്.

കോണ്‍ഗ്രസിന്റെ എക്കാലത്തേയും സ്‌പേസ് എന്നുപറയുന്നത് സെക്കുലറിസമാണ്. ആ നിലപാടില്‍ ഉറച്ചുനിന്നയാളാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. ജവഹര്‍ലാല്‍ നെഹ്‌റു അവിടെയൊന്നും കോംപ്രമൈസ് ചെയ്തിട്ടില്ല.

രാജേന്ദ്രപ്രസാദ് ഹിന്ദു കമ്മ്യൂണിറ്റിയെ നമ്മള്‍ ചേര്‍ത്തുനിര്‍ത്തണം എന്ന് പറയുന്ന ഒന്നുരണ്ട് കത്ത് അദ്ദേഹത്തിനെഴുതിയപ്പോള്‍ സധൈര്യം പണ്ഡിറ്റ്ജി പറഞ്ഞത്, ഇവിടുത്തെ മുസ്‌ലിം ഫനാറ്റിസത്തെ (മതഭ്രാന്ത്) കുറിച്ച് നമ്മള്‍ പറയുന്നുണ്ട്, മുസ്‌ലിം സമൂഹത്തില്‍ ചില മതഭ്രാന്തന്‍മാര്‍ ഉണ്ട്. ഹിന്ദു വിഭാഗത്തിലെ മതഭ്രാന്തിനെ നമ്മള്‍ പ്രോത്സാഹിപ്പിച്ചാല്‍ അപ്പുറത്തുള്ള മതഭ്രാന്തിനെ കുറിച്ച് പറയുന്നതില്‍ എന്താണ് അര്‍ത്ഥം.

സെക്കുലറായ മുസ്‌ലിമിനേയും സെക്കുലറായ ഹിന്ദുവിനേയും മാത്രമേ നമ്മള്‍ക്ക് അഡ്രസ് ചെയ്യേണ്ടതുള്ളൂ. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുള്ള ആളുകളുള്ള സാഹചര്യത്തില്‍ ഞാന്‍ ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് രാജേന്ദ്ര പ്രസാദിനോട് പറഞ്ഞ പണ്ഡിറ്റ്ജിയാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടന ഈ രീതിയില്‍ നമുക്ക് മുമ്പില്‍ ഉണ്ടാക്കി തന്നത്.

നെഹ്‌റു ഇല്ലെങ്കില്‍ ഇന്ത്യ ഒരു സെക്കുലര്‍ രാഷ്ട്രമാവുമോ എന്ന് ഞാന്‍ സംശയിക്കുന്നുണ്ട്. പട്ടേല്‍ പോലും അദ്ദേഹത്തിനെതിരായാണ് നിന്നത്.
എ.ഐ.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പോലും നെഹ്‌റു സൂക്ഷ്മത കാണിച്ചിട്ടുണ്ട്,’ മുനീര്‍ പറയുന്നു.

ബി.ജെ.പിയും സംഘപരിവാറും സെക്കുലറിസം എന്ന വാക്ക് തന്നെ മായ്ച്ചു കളയാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇതിന് തടയിടാനായി ആര്‍.എസ്.എസ്സിന്റെ ശിശുഭവന് പകരമായി കോണ്‍ഗ്രസ് നെഹ്‌റുവിയന്‍ ആശയങ്ങള്‍ പഠിപ്പിക്കുന്ന സെക്കുലര്‍ സ്‌കൂള്‍ ഇന്ത്യയൊട്ടാകെ തുടങ്ങണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ഒരാളെന്ന നിലയില്‍ ഇതാണ് എ.ഐ.സി.സിക്ക് മുന്നില്‍ വെക്കാനുള്ളതെന്നും മുനീര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഇവിടുത്തെ എം.പിയായതിനാല്‍ ഇക്കാര്യം കേരളത്തില്‍ വളരെ സുഖമായി തുടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlights: Muslim League leader MK Muneer criticize Congress

We use cookies to give you the best possible experience. Learn more