കണ്ണൂര്‍: അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള മോദി രീതിയിലുള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയാണെന്നും എം.കെ. മുനീര്‍ ആരോപിച്ചു.
‘ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണ്. അന്വേഷണത്തില്‍ ഭയപ്പെടുന്നില്ല. എന്നാല്‍, അന്വേഷണങ്ങളില്‍ സുതാര്യത വേണം,’എം.കെ. മുനീര്‍ പറഞ്ഞു.
പി.എഫ്.ഐ പോലെ ഇരുട്ടത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീഗ്. പി.എഫ്.ഐയെ നിരോധിച്ചാല്‍ ഇല്ലാതാകില്ല. അവരെ ആശയപരമായി തകര്‍ക്കാന്‍ കഴിയണം. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചാല്‍ ഇല്ലാതാവും എന്ന അഭിപ്രായമില്ലെന്നും നിരോധിച്ചാല്‍ തീരുമെങ്കില്‍ ആര്‍.എസ്.എസ് നിരോധിച്ച സമയത്ത് ഇല്ലാതാവണമായിരുന്നുവെന്നും അതുകൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ സമൂഹം തള്ളണമെന്നും മുനീര്‍ പറഞ്ഞു. പി.എഫ്.ഐ വോട്ടുകള്‍ താന്‍ വാങ്ങിച്ചിട്ടില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അബ്ദുറഹ്‌മാന്‍ കല്ലായിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.