കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. ലിംഗ സമത്വമെന്ന പേരില്‍ സ്‌കൂളുകളില്‍ മത നിഷേധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുനീര്‍ പറഞ്ഞു. ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന എം.എസ്.എഫ് സമ്മേളന വേദിയിലായിരുന്നു മുനീറിന്റെ പ്രതികരണം.
‘ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. അവിടെ സ്ത്രീകളോട് വിവേചനം കാണിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി ബാലുശ്ശേരിയില്‍ പെണ്‍കുട്ടികളോട് പാന്റും ഷര്‍ട്ടും ഇടാന്‍ പറഞ്ഞു.
എന്ത് കൊണ്ട് തിരിച്ചായിക്കൂട, എന്ന ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ചേരില്ലേ… പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്റ് ഇടീക്കുന്നത്.
പിണറായി വിജയന്‍ സാരിയും ബ്ലൗസും ഇടുമോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറഞ്ഞ് പുതിയ ജന്‍ഡര്‍ ഇന്‍ഇക്വാലിറ്റിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്ത്രീകളെ വീണ്ടും അധപ്പതനത്തിലേക്ക് കൊണ്ടുപോവുകയും പുരുഷക്കോയ്മയാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്,’ എന്നാണ് എം.കെ. മുനീര്‍ പറഞ്ഞത്.
കോഴിക്കോട് ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് സംബന്ധിച്ചാണ് എം.കെ. മുനീറിന്റെ പ്രതികരണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ അന്ന് രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത്
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി(മിക്‌സെഡ് സ്‌കൂള്‍) സ്‌കൂളായിരുന്നു. പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരുന്നത്. സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്.