| Saturday, 8th January 2022, 11:59 pm

വിപ്ലവത്തിന്റെ പേര് പറഞ്ഞ് ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്.എഫ്.ഐ: കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വിപ്ലവത്തിന്റെ പേര് പറഞ്ഞ് ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്.എഫ്.ഐയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. എം.എസ്.എഫ് മലപ്പുറം ജില്ലാ ക്യാംപസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്യാംപസുകളില്‍ ഒരു ക്ലീഷേ ഇപ്പോഴുണ്ട്. നഗ്നരാകണമെന്ന് ചിലര്‍ പറയുന്നു. നിങ്ങള്‍ ഈ മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണെന്ന ചോദ്യമുണ്ടാകുന്നു.

കാണുവാനുള്ള കണ്ണിന്റെ ആസക്തിയെ, ഭോഗിക്കാനുള്ള മനുഷ്യന്റെ ശാരീരിക തൃഷ്ണയെ വിപ്ലവത്തിന്റെ പേര് പറഞ്ഞ് ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്.എഫ്.ഐ,’ കെ.എം. ഷാജി പറഞ്ഞു.

മനുഷ്യനാകാനാണ് പഠിക്കുന്നത്. മനുഷ്യന് ഒരുപാട് ഗുണങ്ങളുണ്ട്. ചില ശാരിരിക വികാരങ്ങളോട് നോ.. എന്ന് പറയേണ്ട ഗുണത്തെ ശക്തിപ്പെടുത്താന്‍ കഴിയേണ്ടതുണ്ടെന്നും എം.എസ്.എഫ് പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ക്യാംപസിനകത്ത് പേക്കൂത്തകള്‍ കാണിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമുണ്ടാകണം. ഉത്തരം പറയാന്‍ എല്ലാവര്‍ക്കും പറ്റും. നിങ്ങള്‍ ക്യാംപസിനകത്ത് ചോദ്യം ചോദിക്കുന്നവരാകണമെന്നും കെ.എം. ഷാജി പറഞ്ഞു.

നിങ്ങളെ നിങ്ങള്‍ വിട്ടുകൊടുക്കരുത്. വിട്ടുകൊടുക്കുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വത്തെയും വ്യത്യസ്തയുമാണ് നിങ്ങള്‍ വിട്ടുകൊടുക്കുന്നത്. ക്യാംപസുകളില്‍ വ്യതിരിക്തരായി നില്‍ക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയിലെ ഷാജിയുടെ പ്രസംഗവും വിവാദമായിരുന്നു.

ലീഗ് വിട്ട് സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നുമായിരുന്നു ഷാജിയുടെ പ്രസ്താവന. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥന്‍ ടി.കെ. ഹംസയല്ല അള്ളാഹുവാണെന്നും കെ.എം. ഷാജി പറഞ്ഞു.

‘വഖഫ് സ്വത്തുക്കളുടെ മാലിക് അള്ളാഹുവാണ്. വഖഫില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ. ഹംസ സംഭാവന നല്‍കിയിട്ടുണ്ട്. അങ്ങനെ നല്‍കാന്‍ ടി.കെ. ഹംസക്ക് എന്താണ് അധികാരം. സംഭാവന നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അരിയും പഞ്ചസാരയും മറിച്ചുവിറ്റവര്‍ക്ക് അത് നല്‍കിയതാണ് പ്രശ്‌നം. വഖഫിന്റെ സ്വത്ത് വിനിയോഗിക്കുന്നതില്‍ നിബന്ധനകളുണ്ട്. അതനുസരിച്ച് മാത്രമെ അവ വിനിയോഗിക്കാവൂ’, എന്നാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Muslim League leader K.M. Shaji Said SFI is the name given to the madness of stripping clothes in the name of revolution

We use cookies to give you the best possible experience. Learn more