'അന്തവും കുന്തവും തിരിയാത്ത സാധനം'; ആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ.എം. ഷാജി
Kerala News
'അന്തവും കുന്തവും തിരിയാത്ത സാധനം'; ആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2023, 3:40 pm

മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അധിക്ഷേപ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് വീണ ജോര്‍ജെന്നുമാണ് ഷാജിയുടെ പരാമര്‍ശം.

മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ മുസ്‌ലിം ലീഗിന്റെ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി. ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷം സന്തോഷിക്കുകയാണെന്നും കുറ്റപ്പെടുത്തി.

‘ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നു. വീണ ജോര്‍ജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത.

ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ്പയെ അവസരമാക്കി എടുക്കരുത്. ദുരന്തങ്ങളെ മുതലെടുക്കാനും മുഖ്യമന്ത്രിക്ക് വാര്‍ത്താസമ്മേളനം നടത്താനുമുള്ള അവസരമായാണ് അവര്‍ കാണുന്നത്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നത്,’ ഷാജി പറഞ്ഞു.

Content Highlight: Muslim League leader K.M. Shaji made abusive anti-women remarks against Health Minister Veena George