| Tuesday, 26th October 2021, 7:24 pm

നിക്ഷേപ തട്ടിപ്പ്: കണ്ണൂരില്‍ ലീഗ് നേതാവ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ ലീഗ് നേതാവ് പിടിയില്‍. കണ്ണൂര്‍ ജില്ലയില്‍ ലീഗിന്റെ പുഴാതി മേഖലാ പ്രസിഡന്റ് കെ.പി. നൗഷാദിനെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇദ്ദേഹം കണ്ണൂരിലെത്തിയത്.

ഫോര്‍ട്ട് റോഡിലെ സി.കെ. ഗോള്‍ഡില്‍ മാര്‍ക്കറ്റിംഗ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്യവെയാണ് നൗഷാദ് തട്ടിപ്പ് നടത്തിയത്. സി.കെ. ഗോള്‍ഡ് ഉടമകളാണ് 30 ലക്ഷം രൂപ തട്ടിയതായി പൊലീസില്‍ പരാതി നല്‍കിയത്.

നിക്ഷേപ തുകയും ലാഭവിഹിതവും തിരിച്ചു നല്‍കാമെന്ന് മുദ്രപത്രത്തില്‍ കരാറുണ്ടാക്കി നല്‍കിയാണ് കെ.പി. നൗഷാദ് തട്ടിപ്പ് നടത്തിയത്. പഴയ സ്വര്‍ണം നല്‍കുന്നവര്‍ക്ക് 11 മാസത്തിനു ശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവിന് സ്വര്‍ണം നല്‍കുന്ന പദ്ധതി സി.കെ. ജ്വല്ലറിയിലുണ്ടായിരുന്നു.

ഇതിന്റെ പേര് പറഞ്ഞ് നൗഷാദ് നിരവധി പേരില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ സ്വീകരിച്ച സ്വര്‍ണം ജ്വല്ലറിയിലെത്തിയില്ലെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.

ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നായി പണം തട്ടിയത്. കേസില്‍ പതിമൂന്ന് പരാതികളാണ് ഇതുവരെ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ ലഭിച്ചത്. അന്‍പതില്‍ അധികം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

കണ്ണൂര്‍ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് നൗഷാദിന്റെ തട്ടിപ്പിനിരയായത്. പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയിലും പണം നിക്ഷേപിച്ചവരുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Muslim League leader arrested for investment fraud in Kannur

We use cookies to give you the best possible experience. Learn more