| Friday, 24th December 2021, 11:11 pm

2017ല്‍ കടകംപള്ളി പറഞ്ഞതിനുള്ള മറുപടിയാണോ ശ്രീരാമകൃഷ്ണന്റേത്? മലപ്പുറത്ത് വര്‍ഗീയതയെ തടഞ്ഞത് ഇടതുപക്ഷമാണെന്ന പ്രസ്താവനയോട് അബ്ദുറബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് ഒഴുകാതിരിക്കാന്‍ കാരണം ഇടതുപക്ഷമാണെന്ന മുന്‍ സ്പീക്കര്‍ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുറബ്.

2017ല്‍ കടകംപള്ളി പറഞ്ഞതിനുള്ള മറുപടിയാണോ ശ്രീരാമകൃഷ്ണന്റേതെന്ന് അദ്ദേഹം പറഹസിച്ചു. കടകംപള്ളിക്ക് ശ്രീരാമകൃഷ്ണന്‍ വൈകി മറുപടി പറഞ്ഞതോ, ശ്രീരാമകൃഷ്ണന് കടകംപള്ളി നേരത്തേ മറുപടി നല്‍കിയതോ, എന്നാലോചിച്ച് ആരും തല പുണ്ണാക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘2017ല്‍ മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഉള്ളടക്കം വര്‍ഗീയമായ ന്യൂനപക്ഷ ശാക്തീകരണ മേഖലയാണ് മലപ്പുറം എന്ന്. ഇന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു മലപ്പുറം വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് ഒഴുകാതിരിക്കാന്‍ കാരണം ഇടതുപക്ഷമാണ് എന്ന്.

ഇതിപ്പോ കടകംപള്ളിക്ക് ശ്രീരാമകൃഷ്ണന്‍ വൈകി മറുപടി പറഞ്ഞതോ, ശ്രീരാമകൃഷ്ണന് കടകംപള്ളി നേരത്തേ മറുപടി നല്‍കിയതോ.. എന്നാലോചിച്ച് ആരും തല പുണ്ണാക്കണ്ട..! തെരഞ്ഞെടുപ്പുകള്‍ ഇനിയും വരാനുണ്ട്. കടകംപള്ളിമാര്‍ അന്നുമുണ്ടാവും. അന്നും മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ വീരകഥകള്‍ പറയാന്‍ ഇവിടെത്തന്നെ എല്ലാവരും കാണണം,’ അബ്ദുറബ്ബ് പറഞ്ഞു.

മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് മലപ്പുറം വര്‍ഗീയരാഷ്ട്രീയത്തിലേക്ക് ഒഴുകാതിരിക്കാന്‍ കാരണം ഇടതുപക്ഷമാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നത്.

ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മൂലമാണ് മുസ്‌ലിം ലീഗിന്റെ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മലപ്പുറം ഒഴുകിപ്പോകാതിരുന്നത്. ലീഗ് ദുര്‍ബലമാകുമ്പോള്‍ ഉപയോഗിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റാണ് വര്‍ഗീയത. വര്‍ഗീയത ആളിക്കത്തിച്ച് നാടിനെ ദുര്‍ബലമാകാന്‍ ലീഗ് ശ്രമിക്കുകയാണ്. വഖഫ് വിഷയം പോലും ലീഗ് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുയെന്നു എന്നും പി. ശ്രീരാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Muslim League leader Abdu Rabb responded to Former Speaker TP Ramakrishnan’s statement

We use cookies to give you the best possible experience. Learn more