| Saturday, 12th September 2020, 10:29 am

മാന്യത എന്നൊന്നുണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണം; ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സി.പി.ഐ.എം സ്വന്തം മുഖം വികൃതമാക്കുന്നു: കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍ഫോഴ്‌സമെന്റ് ഡയരക്ടേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്ത് നിന്ന് എത്രയും പെട്ടെന്ന് രാജിവെച്ച് ഒഴിയുകയാണ് ജലീല്‍ ചെയ്യേണ്ടതെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

ഇ.പി ജയരാജനും തോമസ് ചാണ്ടിക്കും ശശീന്ദ്രനും നല്‍കാത്ത സംരക്ഷണം മുഖ്യമന്ത്രി എന്തിന് ജലീലിന് നല്‍കണമെന്നും മജീദ് ചോദിച്ചു.

മതഗ്രന്ഥം വന്ന ബാഗേജില്‍ നിന്നും ഏതാനും പെട്ടികളാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. എടപ്പാളില്‍ കൊണ്ടുപോയെന്ന് മന്ത്രി പറയുന്നു. അതേ വാഹനം തന്നെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും പോയെന്ന് പറയപ്പെടുന്നുണ്ട്. അത് സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ലഗേജ് ആണെന്നും പറയപ്പെടുന്നുണ്ട്.

പ്രോട്ടോക്കോള്‍ ഓഫീസറുടെ പോലും അനുവാദം വാങ്ങിയിട്ടല്ല ഇതൊന്നും നടന്നത്. അതീവ ഗുരുതരമായ പ്രശ്‌നം തന്നെയാണ് ഇത്. മാത്രമാല്ല സ്വപ്‌നയുമായി നിരന്തരം സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു കഴിഞ്ഞു. മന്ത്രിയെ സംബന്ധിച്ച് ദുരൂഹമായ നടപടിയായി തന്നെയാണ് ഇതിനെ കണക്കാക്കേണ്ടത്.

അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തിന്റെ പങ്കുണ്ടെന്ന തരത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്ന സമയമാണ് ഇത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് അറിയില്ല.

ബന്ധുനിയമനത്തെ സംബന്ധിച്ച് വിവാദം വന്നപ്പോള്‍ ഇ.പി ജയരാജനെ മാറ്റി. വയല്‍നികത്തലുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ തോമസ് ചാണ്ടി മാറി നിന്നു. സ്വഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ ശശീന്ദ്രനെ മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ സി.പി.ഐ.എം പറയുന്നത് അന്വേഷണം വരട്ടെ, കുറ്റക്കാരനാണെന്ന് കണ്ടാല്‍ നടപടിയെടുക്കാമെന്നാണ്.

നേരത്തെ ഇവരൊന്നും കുറ്റക്കാരാണെന്ന് കണ്ടിട്ടായിരുന്നില്ല മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. ജലീലിനെ സംബന്ധിച്ച് ധാരാളം വിവാദങ്ങള്‍ വന്നു. ബന്ധുനിയമനത്തെ കുറിച്ചും മാര്‍ക്ക് ദാനത്തെ സംബന്ധിച്ചും മലയാളം സര്‍വകലാശാലക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ടും ഒന്നിനെ പിറകെ ഒന്നായി വിവാദങ്ങള്‍ വന്നു. അങ്ങനെ നിരന്തരമായ വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ജലീലിനെപ്പോലൊരു മന്ത്രിയെ എന്തിനാണ് ഗവര്‍മെന്റും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നതെന്ന് അറിയില്ല.

നേരത്തെ ശിവശങ്കര്‍ അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായതുകൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റു മന്ത്രിമാരെ മാറ്റിയതുവെച്ചു നോക്കുമ്പോള്‍ ജലീലിനെ എന്നേ മാറ്റേണ്ടിയിരുന്നു. അദ്ദേഹത്തെ സംരക്ഷിക്കുന്നത് സി.പി.ഐ.എമ്മിന്റെ മുഖം വികൃതമാക്കാനേ പര്യാപ്തമാകുകയുള്ളൂ.

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ ഇത്തരത്തില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് നിന്ന്
രാജിവെക്കുകയാണ് ജലീല്‍ ചെയ്യേണ്ടത്. മാന്യത എന്നൊന്നുണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ അദ്ദേഹം തയ്യാറാകണം., കെ.പി.എ മജീദ് പറഞ്ഞു.

സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്നലെയാണ് ചോദ്യം ചെയതത്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.

യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും തീരുമാനിച്ചത്.

പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള പരിചയം ആരോപണത്തിന് ഇടയാക്കിയിരുന്നു.

ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു.

സി-ആപ്റ്റില്‍ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഈ വര്‍ഷം മാര്‍ച്ച് നാലിന് കസ്റ്റംസ് കാര്‍ഗോയില്‍ നിന്നും പുറത്തേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങള്‍ എത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗില്‍ ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

എന്നാല്‍കഴിഞ്ഞ രണ്ടു വര്‍ഷമായി കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്ര ബാഗുകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.

ഇതിന് പിന്നാലെ നയതന്ത്ര ബാഗേജില്‍ ആകെ എത്ര ഖുര്‍ ആന്‍ വന്നുവെന്ന് കണക്കെടുക്കാനായി ഖുര്‍ ആന്‍ സാമ്പിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചിരുന്നു.

ഒരു ഖുര്‍ ആന്‍ 567 ഗ്രാമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിശുദ്ധ ഖുര്‍ ആന്‍ എന്ന് പേരെഴുതി ആകെ 250 പാക്കറ്റുകളാണ് യു.എ.ഇ എംബസി വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിന് വിസ സ്റ്റാമ്പിങ്ങ് കമമീഷന്‍ നല്‍കിയ കമ്പനികളിലൊന്നില്‍ ബിനീഷിന് മുതല്‍മുടക്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Muslim League  KPA Majeed against KT Jaleel

Latest Stories

We use cookies to give you the best possible experience. Learn more