കൊടുവള്ളി; നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ നിന്നും മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടും ആരുടെ പേരിലും നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൊടുവള്ളിയിലെ പഴയകാല മുസ് ലീം ലീഗ് പ്രവര്‍ത്തകര്‍ പതിനായിരത്തൊന്ന് കത്തുകള്‍ അയക്കാന്‍ തീരുമാനിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
2001 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ നിന്നും പതിനേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് സി. മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുപോലും വോട്ട് കുറഞ്ഞു എന്ന ആരോപണമുന്നയിച്ച് പലരേയും അന്ന് മുസ്‌ലീം ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടിയപ്പോള്‍ പുറത്താക്കുകയും സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റപ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കത്തില്‍ പറയുന്നു.
ഖാഇദെമില്ലത്തിന്റേയും സമാനരായ നേതാക്കളുടേയും ത്യാഗത്തിന്റേയും വിയര്‍പ്പിന്റേയും ഫലമാണ് ലീഗ് ഇക്കാലമത്രയും അനുഭവിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. പി.ടി.എ റഹീം നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് യഥാര്‍ത്ഥ ലീഗ് എന്നും കത്തില്‍ അവകാശപ്പെടുന്നുണ്ട്.
മുസ്‌ലീം ലീഗിന് കാര്യമായ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം തിരിച്ചടി നേരിട്ടിട്ടും പലയിടത്തും വന്‍പരാജയം ഏറ്റുവാങ്ങിയിട്ടും ആര്‍ക്കുമെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.