| Thursday, 14th January 2021, 11:27 am

കെ.എം ഷാജിയും അബ്ദുറബ്ബും ഇബ്രാഹിംകുഞ്ഞും മത്സരിക്കില്ല? ഒഴിവ് വരുന്ന സീറ്റില്‍ കണ്ണുംനട്ട് പുതുമുഖങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് എം.എല്‍.എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എം.എല്‍.എമാരും സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത് നിന്ന് മാറണമെന്ന് പാര്‍ട്ടി ഉന്നതാധികാരസമിതിയില്‍ ധാരണയായതായാണ് സൂചന.

കെ.എം ഷാജി, കമറുദ്ദീന്‍, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ നിലവില്‍ അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണ്. ടി.കെ അഹമ്മദ് കബീര്‍, പി.കെ അബ്ദുറബ്ബ്, അഡ്വ. ഉമ്മര്‍, സി. മമ്മൂട്ടി, കെ.എന്‍.എ. ഖാദര്‍ എന്നിവര്‍ തുടര്‍ച്ചയായി മത്സരിക്കുകയാണ്. ഇവരെ ഇത്തവണ മത്സരരംഗത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ധാരണ.

ഹൈദരലി തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുള്‍ വഹാബ്, കെ.പി.എ മജീദ് എന്നിവരാണ് ഉന്നതാധികാര സമിതി അംഗങ്ങള്‍.

കളമശ്ശേരി, മഞ്ചേശ്വരം, അഴീക്കോട്, മങ്കട, തിരൂരങ്ങാടി, മഞ്ചേരി, തിരൂര്‍, വേങ്ങര എന്നീ മണ്ഡലങ്ങളില്‍ ഇതോടെ പുതുമുഖങ്ങള്‍ക്ക് സാധ്യതയേറി. ഒഴിവ് വരുന്ന സീറ്റ് ലക്ഷ്യമിട്ട് പുതുമുഖങ്ങള്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്. അതേസമയം യുവാക്കള്‍ എന്നതിലുപരി ഇത് വരെ മത്സരിക്കാത്തവര്‍ക്ക് സീറ്റ് നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim League Kerala Election KM Shaji Kamarudheen Ibrahimkunju Seat Sharing

We use cookies to give you the best possible experience. Learn more