തിരുവനന്തപുരം: സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ വേണ്ടി മുസ്ലിം ലീഗ്
ഒരുങ്ങിയിരിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘കാലത്തിനനുസരിച്ചുള്ള ഒരു ശൈലി മാറ്റം ആവശ്യമുണ്ട്. ഏത് പാര്‍ട്ടിയിലായാലും അതാത് കാലത്ത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ തലമുറയുടെ ഒരു പങ്ക് ഉറപ്പുവരുത്തണം. തലമുറമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. സംഘടനാ തലത്തിലും ഇത്തരത്തിലുള്ള മാറ്റം നല്ലതാണ്. സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ വേണ്ടി ലീഗ് ഒരുങ്ങിയിരിക്കുകയാണ്,’ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി സതീശന് മുസ്ലിം ലീഗ് എല്ലാ പിന്തുണയും നല്‍കും. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഏത് മതേതര പാര്‍ട്ടിയുടേയും ആവശ്യമാണ്. അതിനുവേണ്ടി ആ പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിയ്ക്കും ലീഗ് പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പുനസംഘടനയോ നേതൃമാറ്റമോ ഇപ്പോള്‍ പാര്‍ട്ടി അജണ്ടയിലില്ലെന്ന് തീരുമാനിച്ചതായി പത്രക്കുറിപ്പില്‍ പറഞ്ഞു. പുതിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം ഓരോ ഘടകങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും യോഗം തീരുമാനിച്ചു. പ്രവര്‍ത്തനത്തിലെ പോരായ്മകളും പാളിച്ചകളും വിലയിരുത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
CONTENT HIGHLGHTS: Muslim League in order to bring in a new leadership in a timely manner PK Kunhalikutty said that he is ready