| Saturday, 30th September 2023, 3:48 pm

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് ആവശ്യപ്പെടാനുള്ള അർഹതയുണ്ട്: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യമുന്നയിക്കാൻ അർഹത ഉണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം.പി. രണ്ട് സീറ്റിൽ തൃപ്തരല്ലാത്തത് കൊണ്ടാണ് മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കാൻ പോകുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റ് സംബന്ധിച്ച ചർച്ചകൾ യു.ഡി.എഫ് മുന്നണിയിൽ ആരംഭിച്ചിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നിലവിൽ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലാണ് മുസ്‌ലിം ലീഗിന് എം.പിമാരുള്ളത്. യു.ഡി.എഫ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുംമുമ്പ് തന്നെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചിരുന്നു.

പൊന്നാനി എം.പിയായ ഇ.ടി. മുഹമ്മദ്‌ ബഷീർ മലപ്പുറത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പൊന്നാനിയിൽ കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിലും മൂന്ന് സീറ്റുകൾ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലീഗിന് മൂന്നാം സീറ്റ് നൽകേണ്ടതില്ല എന്ന് യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനിക്കുകയായിരുന്നു.

ഡൂൾന്യൂസിനെ വാട്സ്ആപ്പ് ചാനലിൽ പിന്തുടരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content highlight: Muslim League has the eligibility to ask for third seat in Loksabha election: PK Kunjalikkutty

We use cookies to give you the best possible experience. Learn more