| Sunday, 31st July 2022, 9:31 pm

എല്‍.ഡി.എഫ് പൊളിഞ്ഞ ഓട്ടവീണ കപ്പല്‍, അതില്‍ കയറി സ്വയം നശിക്കാന്‍ ലീഗ് തയ്യാറല്ല; പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

സഫ്‌വാന്‍ കാളികാവ്

കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മുസ്‌ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചക്ക് ഇടയാക്കുമെന്നും പുതിയ കാലത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ലീഗിന് നല്ലതാണെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞിരുന്നത്.

ഇതിനിടയില്‍ തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്രയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പരിപാടിക്കിടെ മുസ്‌ലിം ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞതും വാര്‍ത്തയായിരുന്നു.
ഇതിന് പിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പ്രതികരണം ‘പച്ചക്കൊടി കണ്ട് ഹാലിളകിയ കോണ്‍ഗ്രസ് നേതാവ് ന്യൂനപക്ഷ വിരുദ്ധതയുടെ പ്രതീകം’ എന്നായിരുന്നു.

ഈ രണ്ട് വിഷയത്തിലും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

പി.എം.എ. സലാം

ഇ.പി. ജയരാജന്‍ വീണ്ടും എല്‍.ഡി.എഫിലേക്ക് ലീഗിനെ സ്വാഗതം ചെയ്തിരിക്കുന്നു. പ്രതികരണം?

ഇ.പി. ജയരാജന്‍ മുസ്‌ലിം ലീഗിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് വ്യക്തമായ മറുപടി മുമ്പ് നല്‍കിയിട്ടുണ്ട്. ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് അവര്‍ക്ക് നിലനില്‍പ്പില്ലെന്ന വിശ്വാസമാണ്.

ലീഗ് എല്‍.ഡി.എഫിലേക്ക് വരാതെ രക്ഷയില്ല എന്ന വ്യക്തമായ ബോധമാണ് ജയരാജനെ ഇതിന് പ്രേരിപ്പിക്കുന്നത്. അതിനര്‍ത്ഥം എല്‍.ഡി.എഫിന്റെ നില തെറ്റിയിരിക്കുന്നു എന്നതാണ്. അതിന്റെ കാലിനടിയിലെ വെള്ളം ഒലിച്ചുപോയിരിക്കുകയാണ്.

ഇ.പി. ജയരാജന്‍

കേരളീയ സമൂഹം എല്‍.ഡി.എഫിനെ ബദ്ധശത്രക്കളായാണ് കാണുന്നത്. അവരുടെ ഓരോ നിലപാടുകളും ജനവിരുദ്ധമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അതുകാരണമായി ഉണ്ടായതാണ്. അതിന് ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇത് കാണാന്‍ കഴിഞ്ഞു.

ഇത് ഞങ്ങളെക്കാള്‍ കൂടുതല്‍ മനസിലാക്കിയത് എല്‍.ഡി.എഫാണ്. അതുകൊണ്ടാണ് ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഏതായിരുന്നാലും ആ പൊളിഞ്ഞ, ഓട്ടവന്ന കപ്പലില്‍ കയറി സ്വയം നശിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറല്ല.

മുസ്‌ലിം ലീഗ് ഒരു മുന്നണിയുടെ ഭാഗമാണ്. ആ നയത്തില്‍ നിന്ന് ലീഗ് വ്യതിചലിക്കാന്‍ ഒരു സാധ്യതയുമില്ല. അങ്ങനെ തീരുമാനിച്ചിട്ടുമില്ല. ഒരു മുന്നണിയില്‍ നിന്ന് മറ്റ് മുന്നണിയുമായ ചര്‍ച്ച ചെയ്യുന്ന പാരമ്പര്യം ലീഗിനില്ല. അതിന്റെ മണ്‍മറഞ്ഞ നേതാക്കള്‍ ലീഗിനെ പഠിപ്പിച്ചതും അത്തരമൊരു സമീപനമല്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ നില്‍ക്കുന്നയിടത്ത് ഞങ്ങള്‍ ഉണ്ടാകും.

സംസ്ഥാന സര്‍ക്കാരിനെതിരായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സമരങ്ങളില്‍ ലീഗിന്റെ സജീവ സാന്നിധ്യമില്ലെന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

ലീഗിന്റെ രാഷ്ട്രീയ ശത്രുക്കളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുമാണ് ഇത്തരം കള്ളക്കഥ സൃഷ്ടിക്കുന്നത്. ഞങ്ങള്‍ യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണ്. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന സമരത്തില്‍ മാത്രമല്ല, ലീഗ് സ്വന്തമായും സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ തുടര്‍ച്ചയായി സമരം ചെയ്യുന്നുണ്ട്.

മുസ്‌ലിം ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് സംബന്ധിച്ച വാര്‍ത്തയില്‍ ലീഗിന്റെ പ്രതികരണം?

അങ്ങനെ ആരോപണമുന്നയിച്ചയാള്‍ക്ക് ലീഗുമായി ബന്ധമില്ല. അയാള്‍ കൈരളി ചാനലില്‍ പോയിയിരുന്നാണ് കരയുന്നത്. അതിനര്‍ത്ഥം ഈ സംഭവസ്ഥലത്ത് ഒരു ചാനലും ഉണ്ടായിട്ടില്ല. സംഭവം കണ്ട ഒരു മനുഷ്യനും ഇല്ല. ഇയാള്‍ പഴയ ഡി.വൈ.എഫ്.ഐക്കാരനാണ്. അതില്‍ നിന്ന് പുറത്താക്കിയിട്ടോ രാജിവെച്ചിട്ടോ ഞങ്ങളുടെ തൊഴിലാളി വിഭാഗത്തിന്റെ കൂടെ പ്രവര്‍ത്തിച്ചയാളാണ്. അതില്‍ നിന്നും സഹിക്കാന്‍ കഴിയാഞ്ഞിട്ട് പുറത്താക്കി വിട്ടതാണ്.

അയാള്‍ക്ക് ലീഗുമായി ബന്ധമില്ല. ആറ്റിപ്ര എന്ന് പറയുന്ന പ്രദേശം ലീഗിന്റെ ശക്തി കേന്ദ്രമാണ്. ഈ സംഭവം നടന്ന വാര്‍ഡ് ലീഗിന് ജനപ്രതിനിധിയുണ്ടായിരുന്ന വാര്‍ഡാണ്.

ഈ ലീഗുകാരൊന്നും അറിയാതെ മറ്റൊരു മണ്ഡലത്തില്‍ നിന്ന് വന്ന ഇയാള്‍ ലീഗിന് വേണ്ടി വാദിച്ചു എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഇത് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു എന്ന് പറയുന്നത് പോലെ കൈരളിയും സി.പി.ഐ.എമ്മും ഉണ്ടാക്കിയെടുത്ത കള്ളക്കഥയാണ്.

CONTENT HIGHLIGHTS: Muslim league general secretary PMA Salam speaks to DoolNews

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more