| Thursday, 22nd February 2024, 1:54 pm

50 വർഷത്തിൽ കേരളത്തിൽ നിന്ന് 12 മുസ്‌ലിം എം.പിമാർ; ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം പ്രസക്തമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കഴിഞ്ഞ 50 വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് വെറും 12 മുസ്‌ലിം എം.പിമാർ മാത്രമാണെന്നിരിക്കെ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റിനുള്ള ആവശ്യത്തിന് പ്രസക്തിയേറുന്നുവെന്ന പ്രചരണവുമായി മുസ്‌ലിം ലീഗ് അനുകൂല സാമൂഹ്യ മാധ്യമ പേജുകൾ.

കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 26 ശതമാനമാണെന്നിരിക്കെ പാർലമെന്റിൽ സംസ്ഥാനത്ത് നിന്നുള്ള മുസ്‌ലിം പ്രാതിനിധ്യം 15 ശതമാനം മാത്രമാണ് എന്നതും ലീഗിന്റെ ആവശ്യത്തിന്റെ പ്രസക്തി ഉയർത്തുന്നുണ്ടെന്ന് പൊളിറ്റിക്കൽ പൾസ് എന്ന ഫേസ്ബുക് പേജിൽ പറയുന്നു.

ഇത് സംബന്ധിച്ചുള്ള കണക്കുകളും പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാല് ലോക്സഭാ സീറ്റുകളുള്ള 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.ഐ നേടിയത് 1283 സീറ്റുകളായിരുന്നു. 12 ശതമാനം വോട്ടാണ് അവർ നേടിയത്.

എന്നാൽ രണ്ട് സീറ്റുകൾ മാത്രമുള്ള ലീഗ് 2131 സീറ്റുകളിൽ വിജയിക്കുകയും 24 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മുന്നണിയിലെ യഥാക്രമം 33 ശതമാനവും 35 ശതമാനവും സീറ്റുകൾ ലീഗ് നേടിയതാണെന്നും പൊളിറ്റിക്കൽ പൾസ് പേജ് ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് നൽകേണ്ടെന്ന കോൺഗ്രസ് നിലപാട് പുറത്തുവന്നതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യം കടുപ്പിച്ചിരിക്കുകയാണ്.

ലോക്സഭയിലെ മൂന്നാം സീറ്റിനൊപ്പം നേരത്തെ വിട്ടുകൊടുത്ത രാജ്യസഭാ സീറ്റ് കൂടി ആവശ്യപ്പെടാനാണ് ലീഗിന്റെ പുതിയ തീരുമാനം.

ലീഗിന് നിലവിലെ രണ്ട് സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്ന കോൺഗ്രസ്‌ തീരുമാനം നേരത്തെ ചോർന്നിരുന്നു. പകരം രാജ്യസഭാ സീറ്റ് നൽകുന്നത് പരിഗണിക്കാനായിരുന്നു കോൺഗ്രസ്‌ ഉദ്ദേശിച്ചത്.

മൂന്നാം സീറ്റ് സംബന്ധിച്ച് ഫെബ്രുവരി 20ന് പാണക്കാട് വെച്ച് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

ലീഗിന് ഒരു സീറ്റ് കൂടി നൽകുന്നത് സമുദായിക സമവാക്യത്തിൽ പ്രശ്നം വരുമെന്ന കോൺഗ്രസ്‌ വിലയിരുത്തലിനെയും ലീഗ് നേതൃത്വം തള്ളി. കോൺഗ്രസിന്റെ ഇത്തരം നിലപാടുകളാണ് ഇന്ത്യ മുന്നണിയെ പോലും തകർച്ചയിലേക്ക് നയിക്കുന്നതെന്ന അഭിപ്രായമാണ് നേതാക്കൾക്ക്.

എൽ.ഡി.എഫ് നേതൃത്വം സി.പി.ഐക്ക് നൽകുന്ന പരിഗണനയാണ് ലീഗ് ചൂണ്ടിക്കാണിക്കുന്നത്.

ഒറ്റയ്ക്ക് നിന്നാൽ വിജയ സാധ്യതയില്ല എന്നിരിക്കെയും നാല് സീറ്റുകളിൽ സി.പി.ഐ മത്സരിക്കുമ്പോൾ ലീഗിന്റെ കോട്ടകളായ രണ്ട് സീറ്റുകൾ മാത്രമാണ് യു.ഡി.എഫ് ഇപ്പോഴും നൽകുന്നത് എന്നാണ് ലീഗ് നേതൃത്വത്തെയും അണികളെയും ചൊടിപ്പിക്കുന്നത്.

Content Highlight: Muslim League firm on its demand for 3rd seat in l.oksabha

We use cookies to give you the best possible experience. Learn more