| Thursday, 16th January 2020, 11:37 am

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തി വെക്കണം; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് വീണ്ടും സുപ്രീം കോടതിയില്‍. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നടപടി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് കോടതിയെ സമീപിച്ചത്.

ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികള്‍ നിര്‍ത്തിവെക്കാനും ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത് ജനുവരി 10നാണ്. തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.

ഇതിന്റെ ഭാഗമായി 40,000 ത്തോളം പേരുടെ പട്ടിക സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എം പിയുമായ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് ലീഗിന് വേണ്ടി അപേക്ഷ ഫയല്‍ ചെയ്തത്.

ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ ഒരു യോഗം ജനുവരി 17 ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനിടെയാണ് മുസ്‌ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം രൂപപ്പെട്ടാല്‍ സുപ്രീം കോടതിയ്ക്ക് ഇടപെടാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദമായ 131ാം അനുച്ഛേദം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more