വയനാട്: കല്‍പ്പറ്റ മണ്ഡലം ചോദിച്ചതില്‍ ഖേദപ്രകടനവുമായി മുസ്‌ലിം ലീഗ്. വയനാട് ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാനാണ് ഖേദം പ്രകടിപ്പിച്ചത്.
ലീഗ് സീറ്റ് ആവശ്യപ്പെട്ടതില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വയനാട് ലീഗ് ജില്ലാ സെക്രട്ടറി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷയം മണ്ഡലത്തില്‍ ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നും ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം ലീഗില്‍ തര്‍ക്കത്തിന് വഴിവെച്ചിരുന്നു. കോഴിക്കോടോ വയനാടോ മുല്ലപ്പള്ളിയെ മത്സരിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വയനാടാണെങ്കില്‍ കല്‍പ്പറ്റ മണ്ഡലവും കോഴിക്കോടാണെങ്കില്‍ കൊയിലാണ്ടി മണ്ഡലവുമാണ് നല്‍കാന്‍ സാധ്യത.
കല്‍പ്പറ്റ മണ്ഡലം സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെയും വിശ്വാസം. കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മുല്ലപ്പള്ളിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്നും ലീഗിന് കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥികളുണ്ടെന്നുമായിരുന്നു യഹിയാ ഖാന്‍ നേരത്തെ പറഞ്ഞത്.
കല്‍പ്പറ്റ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റല്ല. യു.ഡി.എഫിലുണ്ടായിരുന്ന എല്‍.ജെ.ഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ലീഗ് ഇത്തവണ അധികമായി ആവശ്യപ്പെട്ട മണ്ഡലത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലവും ഉണ്ട്. മുല്ലപ്പള്ളി വരാന്‍ യാതൊരു സാധ്യതയുമില്ല. വയനാട്ടില്‍ നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് അത്തരത്തിലൊരു സാധ്യതയുണ്ടെന്ന് കരുതുന്നില്ല എന്നായിരുന്നു യഹിയാ ഖാന്‍ പറഞ്ഞത്.
നിലവില്‍ സി.പി.ഐ.എമ്മിന്റെ മണ്ഡലമാണ് കല്‍പ്പറ്റ. സി. കെ ശശീന്ദ്രനാണ് എം.എല്‍.എ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക