| Friday, 20th May 2016, 1:00 pm

ഇടതുതരംഗത്തില്‍ ലീഗിനും രക്ഷയില്ല: ലീഗ് കോട്ടകളില്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്താകെ ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ ലീഗിനും രക്ഷയില്ല. പരമ്പരാഗത ലീഗ് കോട്ടകള്‍ പലതും എല്‍.ഡി.എഫ് പിടിച്ചടക്കുകയും ലീഗിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പലമണ്ഡലങ്ങളിലും അവരെ വിറപ്പിക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞു.

ലീഗ് കോട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളില്‍ എല്‍.ഡി.എഫ് അട്ടിമറി വിജയം നേടുകയും ചെയ്തു. മറ്റുമണ്ഡലങ്ങളില്‍ ഭരണം നിരനിര്‍ത്താന്‍ ലീഗിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ഇടിവാണുണ്ടായത്.

ലീഗ് മന്ത്രിമാര്‍ മത്സരിച്ച പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി കഷ്ടിച്ചാണ് ജയിച്ചത്. വെറും 579 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞതവണ 9589 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചിടമാണിത്.

അതേപോലെ കൊണ്ടോട്ടിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ ഭൂരിപക്ഷം പകുതിയിലേറെ കുറഞ്ഞു. 28149 വോട്ടിനു കഴിഞ്ഞതവണ ജയിച്ച അദ്ദേഹം ഇത്തവണ 10654 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടിയത്.

തിരൂരങ്ങാടിയിലും ലീഗിന്റെ വോട്ടില്‍ വന്‍ ഇടിവാണുണ്ടായത്. യു.ഡി.എഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബ് മത്സരിച്ച ഇവിടെ 6043 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. 2011ല്‍ 30208 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഇടത്താണ് ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ലീഗിന്റെ കോട്ടയായ ഇവിടെ മന്ത്രി പി.കെ അബ്ദുറബ്ബ് പരാജയത്തിന്റെ വക്കോളമെത്തിയിരുന്നു. വോട്ടെണ്ണലിന്റെ അവസാന ഘട്ടംവരെ അബ്ദുറബ്ബിനെ വിറപ്പിച്ചു നിരത്താന്‍ ഇടതുസ്വതന്ത്രനായ നിയാസിനു കഴിഞ്ഞു.

തിരൂര്‍, കോട്ടക്കല്‍, മണ്ഡലങ്ങളുടെ കാര്യവും ഇതുപോലെ തന്നെയാണ്. കോട്ടക്കലില്‍ 15042 വോട്ടിന്റെ ഭൂരിപക്ഷമാണ് ആബിദ് ഹുസൈന് ഇത്തവണ ലഭിച്ചത്. 35902 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞതവണ ലീഗ് ജയിച്ച മണ്ഡലമാണിത്. തിരൂരിലും ഭൂരിപക്ഷത്തില്‍ ആറായിരത്തിലേറെ വോട്ടിന്റെ ഇടിവാണുണ്ടായത്.

കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര മണ്ഡലത്തിലും ഭൂരിപക്ഷം ചെറുതായി കുറഞ്ഞു. 2011ല്‍ ഒമ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി ജയിച്ച താനൂര്‍ മണ്ഡലമാണ് ഇത്തവണ ഇടതുസ്വതന്ത്രന്‍ വി.അബ്ദുറഹ്മാന്‍ 4918 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയും തിരുവമ്പാടിയും ലീഗിനു നഷ്ടമായി. ലീഗ് സ്ഥാനാര്‍ത്ഥി സി. മൊയിന്‍കുട്ടി 2011ല്‍ നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമായിരുന്നു തിരുവമ്പാടി. 16552 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗിലെ വി.എം ഉമ്മര്‍ ജയിച്ചിടത്താണ് ഇത്തവണ ലീഗ് പരാജയപ്പെട്ടത്. മങ്കടയിലും ലീഗിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 23593 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മങ്കടയില്‍ ഇത്തവണ ലഭിച്ചത് 1508 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് കഷ്ടിച്ചാണ് ലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചുകയറിയത്. കഴിഞ്ഞതവണ 5828 ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ലഭിച്ചത് വെറും 89 വോട്ടിന്റെ മേല്‍ക്കൈ മാത്രമാണ്.

മണ്ണാര്‍ക്കാട്, കളമശേരി, ഏറനാട്, അഴീക്കോട് പോലുള്ള ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണ് ലീഗിന് ചെറിയ നേട്ടമെങ്കിലും ഉണ്ടാക്കാനായത്. തോല്‍പ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ പരസ്യമായി ആഹ്വാനം ചെയ്ത മണ്ണാര്‍ക്കാട്ടിലെ സ്ഥാനാര്‍ത്ഥി എന്‍. ഷംസുദ്ധീന്‍ 12325 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് ലീഗിന് സന്തോഷിക്കാന്‍ വകനല്‍കുന്ന ഒന്നാണ്.

അതുപോലെ കഴിഞ്ഞതവണ 493 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ.എം ഷാജി ജയിച്ച അഴീക്കോട് ഇത്തവണ ഭൂരിപക്ഷം 2287 ആക്കാന്‍ കഴിഞ്ഞതും നേട്ടമാണ്.

എങ്കിലും മത്സരിച്ച 24 മണ്ഡലങ്ങളില്‍ 18 മണ്ഡലങ്ങളിലും വിജയിച്ചു എന്നു ലീഗിനു അവകാശപ്പെടാനാവും. ഇതില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന കുറ്റ്യാടി പിടിച്ചെടുക്കാനായതും നേട്ടമാണ്. അതേസമയം 1157 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കുറ്റ്യാടിയില്‍ ലീഗിന് കിട്ടിയത്.

We use cookies to give you the best possible experience. Learn more